സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന ബ്രഞ്ച് കമ്മിറ്റി ഓഫിസ് കൈയ്യേറ്റ ഭൂമിയിലാണെന്നത് വിവാദമാകുന്നു
Thursday, September 27, 2018
കാഞ്ഞങ്ങാട്: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് നിര്‍മിച്ചത് കൈയ്യേറ്റ ഭൂമിയിലെന്നത് വിവാദമാകുന്നു. പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തിലെ സുശീലഗോപാലന്‍ നഗര്‍ ബ്രാഞ്ച് കമ്മിറ്റിക്ക് വേണ്ടിയാണ് സി.പി.എം ലക്ഷങ്ങള്‍ ചിലവിട്ട് ഇരുനില കെട്ടിടം പടുത്തുയര്‍ത്തിയത്. ഈ മാസം 30നാണ് സീതാറാംയെച്ചൂരി കെടിടം ഉദ്ഘാടനം ചെയ്യാനെത്തുന്നത്.വൈകീട്ട് 4.30ന് ആണ് ഉദ്ഘാടന ചടങ്ങ്.സെന്റിന് പത്തു ലക്ഷം ഭൂമിക്ക് വിപണി വിലയുള്ള പെരിയ ടൗണില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ തെക്കുമാറി ചാലിങ്കാല്‍വെള്ളിക്കോത്ത് റോഡരികില്‍ കേളോത്ത് ആണ് പുതിയ കെട്ടിടമുള്ളത്. ഇവിടെ രണ്ടേക്കറിലധികം ഭൂമി റവന്യൂവകുപ്പിന്റെ അധീനതയിലുണ്ടെന്ന് താലൂക്ക് ഓഫീസിലെ ഭൂരേഖ വിഭാഗത്തില്‍ നിന്നുള്ള കണക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഇത്രയും സ്ഥലത്ത് 17 വീടുകളും ഈ സി.പി.എം ഓഫീസുമാണ് ഉള്ളത്.ഈ സ്ഥലം കൈയ്യേറ്റ ഭൂമിയാണെന്ന് പുല്ലൂര്‍ വില്ലേജ് ഓഫീസര്‍ രേഖാമൂലം കളക്ടര്‍ക്ക് ഒന്നിലേറെ തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു.യു.ഡി.എഫ്.സര്‍ക്കാരിന്റെ കാലത്ത് 17 ചെറുവീടുകളും പൊളിച്ച് നീക്കിയിരുന്നു.ഇടതുപക്ഷ സര്‍ക്കാര്‍ വന്നപ്പോള്‍ വീണ്ടും വീടുകള്‍ കെട്ടി.എല്ലാ വീടുകളും ഒന്നോ രണ്ടോ മുറികളാല്‍ നിര്‍മിതമാണ്.റേഷന്‍കാര്‍ഡ് കിട്ടുന്നതിനായി ഇത്രയും വീടുകള്‍ക്ക് പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ സി.പി.എം.ഭരിക്കുന്ന പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്ത് താല്‍ക്കാലിക കെട്ടിട നമ്പര്‍ നല്‍കുകയും ചെയ്തു.എന്നാല്‍ വീടുകള്‍ക്ക് മാത്രമേ താല്‍ക്കാലിക നമ്പര്‍ കൊടുത്തിട്ടുള്ളൂ.ഇവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഓടു മേഞ്ഞ കെട്ടിടം ഉണ്ടായിരുന്നു.സര്‍ക്കാര്‍ കൈയ്യേറ്റ ഭൂമിയെന്ന് കണക്കാക്കും മുമ്പേ ഉള്ള കെട്ടിടമായതിനാല്‍ അതിന് നമ്പര്‍ ഉണ്ടായിരുന്നു. വില്ലേജ് അധികാരികള്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തിയതോടെ ഈ കെട്ടിട നമ്പര്‍ ഫലത്തില്‍ ഇല്ലാതായി.എന്നിട്ടും ഈ നമ്പറാണ് പുതുക്കിപ്പണിത സി.പി.എം കെട്ടിടത്തിന്റെ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.പുതിയ കെട്ടിടത്തിന് പ്ലാനും എസ്റ്റിമേറ്റും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് അധികാരികളും പറയുന്നു.ഹൊസ്ദുര്‍ഗ് ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ 2017 ഡിസംബര്‍ 27ന് ബ്രാഞ്ച് സെക്രട്ടറി ബാബുവിന് നോട്ടീസ് കൈമാറിയിരുന്നു.പുല്ലൂര്‍ വില്ലേജില്‍ 61 പി.ടി. യില്‍ ഉള്‍പ്പെട്ട നാലുസെന്റ് സ്ഥലം ഗവണ്‍മെന്റ് ഭൂമിയാണ്.ഇത് താങ്കള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്.നോട്ടീസ് കിട്ടി 24 മണിക്കൂറിനകം ഒഴിഞ്ഞുപോകേണ്ടതും ഒഴിഞ്ഞുപോയിലെങ്കില്‍ മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കുന്നതായിരിക്കും എന്നാണ് അതില്‍ പറയുന്നത്.ബാബുവിനൊപ്പം 17 വീട്ടുകാര്‍ക്കും ഇതേ തരത്തില്‍ നോട്ടീസ് കൈമാറിയിരുന്നു.ഒഴിഞ്ഞുപോകാത്തതിനാല്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ഒന്നിലേറെ തവണ ഇവിടെയത്തി ഒഴിപ്പിക്കന്‍ ശ്രമിച്ചെങ്കിലും പ്രദേശത്തുകാര്‍ സംഘടിച്ച് തിരിച്ചയക്കുകയാണുണ്ടായത്.കെട്ടിടം പുതുക്കിപ്പണിയുന്ന വേളയിലും റവന്യൂവകുപ്പ് ഇത് കൈയ്യേറ്റ ഭൂമിയാണെന്ന് ഓര്‍മിപ്പിച്ചിരുന്നു.നോട്ടിസ് കിട്ടുമ്പോള്‍ രണ്ടാഴ്ച പണി നിര്‍ത്തിവെയ്ക്കുമെന്നും പിന്നീട് തുടരുമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു
0 Comments