കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക്ക് ജംഗ്ഷനില്‍ ട്രാഫിക്ക് സിഗ്നല്‍ സംവിധാനം വന്നിട്ടും ഇപ്പോഴും നഗരത്തിലെ ട്രാഫിക്ക് സംവിധാനത്തെകുറിച്ച് വാഹന ഉടമകള്‍ക്ക് അറിവില്ലാത്തത് കാരണം പല ലംഘനങ്ങളും നടക്കുന്നു. കാല്‍നടയാത്രകാര്‍ക്ക് വരച്ച് വെച്ച സീബ്രാ ലൈനിലാണ് പല വാഹനങ്ങളും ഇപ്പോള്‍ ട്രാഫിക്ക് സിഗ്നല്‍ തെളിയുന്ന സമയത്ത് നിര്‍ത്തിയിടുന്നത്. ഇത് കാല്‍നടയാത്രകാര്‍ക്ക് റോഡ് കടക്കാന്‍ വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. നഗരത്തില്‍ ട്രാഫിക്ക് സിഗ്നല്‍ സംവിധാനം വന്നിട്ടും പലര്‍ക്കും അതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. വാഹനങ്ങള്‍ പലതും സിഗ്നല്‍ ലൈറ്റ് കത്തുന്ന സമയം പോലും അറിയാതെ പോകുന്നതും പതിവാണ്. കൃത്യമായ ബോധവല്‍ക്കരണമില്ലാത്തതാണ് ഇത്തരത്തില്‍ വാഹനങ്ങളും വാഹന ഉടമകളും അബദ്ധങ്ങള്‍ കാണിക്കാനിടയാക്കുന്നത്.സിഗ്നല്‍ സംവിധാനം വന്നിട്ടും അത് സംബന്ധിച്ച് ഒരു ബോധവല്‍ക്കരണവും പൊലിസിന്റെയോ നഗരസഭയുടെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കാഞ്ഞങ്ങാട് നഗരത്തില്‍ ആദ്യമായി വന്ന സിഗ്നല്‍ സംവിധാനമായതിനാല്‍ ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇത് പരിചിതമല്ല. അവരെയെല്ലാം ബോധവല്‍കരിക്കേണ്ട പൊലിസും മറ്റ് സംവിധാനങ്ങളും ആ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നുമില്ല. നഗരത്തിലെ ട്രാഫിക്ക് സംവിധാനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും നഗരസഭയ്ക്കാണ്. പൊലിസ് പോലും നഗരസഭാ അധികൃതരു ടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ട്രാഫിക്ക് സംവിധാനങ്ങളുടെ കാര്യത്തില്‍ ചെയ്യുന്നത്. അതു കൊണ്ട് തന്നെ നഗരസഭ ഇക്കാര്യത്തില്‍ കൃത്യമായി ഇടപ്പെടുമെന്നാണ് കരുതുന്നത്.
0 Comments