ചൊവ്വാഴ്ച, നവംബർ 20, 2018
കാസർകോട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഒരുക്കുന്ന മലബാർ ഇൻറർ നാഷണൽ കൈറ്റ് ഫെസ്റ്റ് സീസൺ മൂന്ന്, ഡിസംബർ 21, 22, 23 തിയ്യതികളിലായി ബേക്കൽ ഫോർട്ട് പള്ളിക്കര ബീച്ച് പാർക്കിൽ നടക്കും. വിദേശികളും, തദ്ധേശീയരുമായ വിനോദ സഞ്ചാരികളെയും സന്ദർശകരെയും ഒരു പോലെ ആകർഷിച്ച മുൻ വർഷങ്ങളിലെ പട്ടം പറത്തൽ മേളയുടെ വൻ വിജയമാണ് ഈ വർഷവും പട്ടം പറത്തൽ മേള സംഘടിപ്പിക്കാൻ പ്രചോദനമായതെന്ന് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു. പട്ടം പറത്തൽ മേളയുടെ ലോഗോ പ്രകാശനം എൻ എ നെല്ലിക്കുന്ന് എം എൽ എ യുവ വ്യവസായി രഞ്ജിത് ജഗന് നൽകി പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാറിൽ നിന്നോ മറ്റ് സർക്കാർ ഏജൻസികളിൽ നിന്നോ യാതൊരുവിധത്തിലുള്ള സാമ്പത്തിക സഹായവും സ്വീകരിക്കാതെയാണ് ഇത്തരത്തിലുള്ള പരിപാടി ലയൺസ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്. സന്നദ്ധ സേവന രംഗത്ത് ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ ജില്ലയിലെ ജനമനസ്സുകളിലുള്ള സ്വീകാര്യതയാണ് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ പിൻബലമെന്ന് പ്രസിഡണ്ട് സുകുമാരൻ പൂച്ചക്കാട്, ഭാരവാഹികളായ എം.ബി ഹനീഫ്, പി എം നാസർ , പ്രകാശൻ മാസ്റ്റർ, ഷൗക്കത്തലി, അഷ്‌റഫ് കൊളവയൽ, മുനീർ കെ എം കെ , മുഹാജിർ കെ തുടങ്ങിയവർ പറഞ്ഞു. ജില്ലയിലെ പൊതുജനങ്ങൾക്ക് കുടുംബസമേതം ആസ്വദിക്കാൻ പട്ടം പറത്തൽ മത്സരം, കുട്ടികൾക്ക് പട്ടം പറത്തലിന്റെയും, നിർമ്മാണത്തിന്റെയും പരിശീലനം നൽകുന്ന കൈറ്റ് ക്രാഫ്റ്റ്, മൂന്ന് ദിവസങ്ങളിലും സായാഹ്നങ്ങളിൽ കേരളത്തിന്റെ തനത് കലകളായ തിരുവാതിര, കഥകളി, ഒപ്പന, അരവനമുട്ട്, ഗാനമേള, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും ഒരുക്കിയതായി സംഘാടകർ പറഞ്ഞു. സിംഗപൂർ, മലേഷ്യ, ഇൻഡോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നും, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പട്ടം പറത്തൽ വിദഗ്ദർ വിവിധ വർണ്ണങ്ങളിലും, വലുപ്പത്തിലും രൂപത്തിലുമുള്ള പട്ടങ്ങൾ ബേക്കലിലെ വാനിൽ പറത്തുമെന്ന് സംഘാടകരായ  ബേക്കൽ ഫോർട്ട് ലയൺസ് ഭാരവാഹികൾ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ