കാഞ്ഞങ്ങാട്: കണ്ണൂരിലെ രണ്ട് പ്രമുഖ ആശുപത്രികളിൽ ശസ്ത്രക്രിയക്ക് നിർബന്ധിച്ച കണ്ണൂർ സിറ്റിയിലെ സുഹാനക്ക് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ സുഖ പ്രസവം.
ഗർഭിണികളെ നിർബന്ധിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്കെതിരെ കേന്ദ്ര സർക്കാരും ആയുഷ് ആരോഗ്യ വിഭാഗവും കർശന നടപടികൾക്ക് തുടക്കമിട്ടതിനിടെയാണ് സ്വകാര്യ ആശുപത്രികളിലെ പ്രസവ കച്ചവടം വാർത്തകളിൽ ഇടം പിടിക്കുന്നത്.
കണ്ണൂർ സിറ്റിക്കടുത്ത് അറക്കൽ മ്യൂസിയം പരിസരത്തെ ഷുഹാന എന്ന പൂർണ്ണ ഗർഭിണി കണ്ണൂരിലെ പ്രമുഖ ആശുപത്രിയിൽ ഗർഭാശയ രോഗ വിദഗ്ധന്റെ ചികിത്സയിലായിരുന്നു. ഗർഭലക്ഷണം കണ്ടു തുടങ്ങിയത് മുതൽ എട്ടുമാസവും മുടങ്ങാതെ ചികിത്സക്കെത്തി.
ഒടുവിൽ എട്ടാം മാസം പൂർത്തിയായപ്പോഴാണ് നിർബന്ധമായും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർ അറിയിച്ചത്. ഇതേതുടർന്ന് വിദേശത്തായിരുന്ന കണ്ണൂർ താഴെ ചൊവ്വയിലെ ഷംസീർ നാട്ടിലെത്തി ഡോക്ടറുമായി സംസാരിച്ചു. സിസേറിയനല്ലാതെ യാതൊരു രക്ഷയുമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. തുടർന്ന് ഷംസീർ ഭാര്യ ഷഹാനയെയും കൂട്ടി കണ്ണൂർ നഗരത്തിൽ തന്നെ മറ്റൊരു പ്രമുഖ ആശുപത്രിയിൽ എത്തി അവിടത്തെ ഗർഭാശയ രോഗ വിദഗ്ധ കണ്ടു. നേരത്തെ പറഞ്ഞതിൽ നിന്നും രണ്ടു ദിവസം മുമ്പേ സിസേറിയൻ വേണ്ടി വരും എന്നായിരുന്നു രണ്ടാമത്തെ ഡോക്ടറുടെ കണ്ടെത്തൽ.
ഇതിനിടെ ഷംസീർ തന്റെ ഗൾഫ് സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായ ഡോക്ടർ കുഞ്ഞാമ്മദിനെ നേരിൽ കണ്ടു. മൻസൂർ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പൂർണ്ണ ഗർഭിണിയായ ഷഹാനക്ക് മറ്റു യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നും സിസേറിയന്റെ ആവശ്യമില്ലെന്നും കണ്ടെത്തി. രണ്ടു നാൾക്കകം ഷഹാന സുഖ പ്രസവത്തിൽ ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. മാതാവും കുഞ്ഞും രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം കണ്ണൂർ സിറ്റിയിലെ വസതിയിലേക്ക് മടങ്ങുകയും ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ