ബുധനാഴ്‌ച, നവംബർ 21, 2018
കുണ്ടംകുഴി: ചുട്ടുപൊള്ളുന്ന വെയിലിൽ ചെങ്കൽ പാറയിൽ മണ്ണിട്ട് കുട്ടികൾ നട്ട വാഴകളിൽ വിളഞ്ഞത് നൂറുമേനി. കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗം കുട്ടികൾ നടത്തിയ വാഴ കൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചത്. എൽ.പി വിഭാഗം കെട്ടിടത്തിന്റെ മുൻവശത്ത് 25 സെന്റ് സ്ഥലത്താണ് മണ്ണിട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ നൂറ് വാഴക്കന്നുകൾ നട്ടത്. മധ്യവേനലവധിയിൽ പോലും വിദ്യാർഥികളും, അധ്യാപകരും, രക്ഷിതാക്കളും മാറിമാറി വെള്ളവും വളവും നൽകിയാണ് വാഴകളെ പരിപാലിച്ചത്. വിദ്യാർഥികളുടെ വീടുകളിൽ നിന്നു കൊണ്ടുവന്ന ചാണകവും, ജൈവവളവുമാണ് വാഴകൾക്ക് നൽകിയത്. ഓരോ വാഴകളും വീതിച്ചെടുത്തായിരുന്നു കുട്ടികളുടെ പരിപാലനം. എൻ.എസ്.എസ് വിദ്യാർഥികളുടെ സഹായവും ലഭിച്ചു. വാഴത്തോട്ടത്തിൽ പുല്ല് തിന്നാനായി മുയലുകൾ വന്നതും, വാഴകളിൽ പക്ഷികൾ കൂടുകൂട്ടിയതും കുട്ടികൾക്ക് പുത്തനനുഭവമായി. വാഴകളിൽ നിന്ന് ലഭിച്ച കൂമ്പുകളും ഉച്ചഭക്ഷണത്തിന്റെ ഭാഗമായി കറിയുണ്ടാക്കി കുട്ടികൾക്കു തന്നെ വിളമ്പി. മൂത്തു പാകമായ പകുതിയോളം വാഴക്കുലകൾ ഉത്സവാന്തരീക്ഷത്തിൽ കഴിഞ്ഞ ദിവസം വിളവെടുത്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാരാമചന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡൻറ് സി.രാമചന്ദ്രൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ ഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, സ്ഥിരം സമിതി അധ്യക്ഷ എം.ധന്യ, വാർഡംഗം എം.പി നബീസ, പ്രിൻസിപ്പാൾ കെ. രത്നാകരൻ, പി.ടി.എ പ്രസിഡന്റ് എം.രഘുനാഥൻ, എസ്.എം.സി ചെയർമാൻ ടി. വരദരാജ്, കൃഷി അസിസ്റ്റന്റുമാരായ ബാബുരാജ്, രജനി സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് കെ.അശോകൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പുഷ്പരാജൻ നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ