ഞായറാഴ്‌ച, ഡിസംബർ 30, 2018
കാസർകോട്: സൗരോർജ വൈദ്യുതി വ്യാപനത്തിലൂടെ വൈദ്യുതിമിച്ച സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പാക്കുന്ന സൗരപദ്ധതിക്ക് ജില്ലയിൽ മികച്ച പിന്തുണ. ആഗോളതാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഊർജസുരക്ഷ ഉറപ്പാക്കാനാണ് ‘നാടിന് ഊർജം, വീടിന് ലാഭം’ എന്ന ലക്ഷ്യത്തോടെ പുരപ്പുറ സൗരോർജ പദ്ധതിക്ക് കെ.എസ്.ഇ.ബി. തുടക്കം കുറിച്ചിരിക്കുന്നത്. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 1000 മെഗാവാട്ട് വൈദ്യുതി സൗരപദ്ധതികളിൽനിന്ന് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിൽ 500 മെഗാവാട്ട് പുരപ്പുറ സൗരോർജപദ്ധതികളിൽനിന്ന് ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇതിൽ 30 മെഗാവാട്ട് (3000 കിലോവാട്ട്) ആണ് കാസർകോട് ജില്ലയിൽനിന്ന് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

ഗാർഹിക, കാർഷിക ഉപഭോക്താക്കൾക്ക് 150 മെഗാവാട്ട്, സർക്കാർ കെട്ടിടങ്ങൾക്ക് 100, ഗാർഹികേതര സർക്കാരിതര സ്ഥാപനങ്ങൾക്ക് 250 മെഗാവാട്ടുമാണ് സംസ്ഥാനത്ത് വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ ഓരോ ഉപഭോക്താവിനും വൈവിധ്യമാർന്ന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കെ.എസ്.ഇ.ബി.യുടെ ചെലവിൽ സൗജന്യമായി സൗരനിലയം സ്ഥാപിക്കുന്നതാണ് ആദ്യത്തെ പദ്ധതി. ഇതിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം കെട്ടിടമുടമയ്ക്ക് നൽകും. കൂടാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദീർഘകാലത്തേക്ക് നിശ്ചിത നിരക്കിൽ കെട്ടിടമുടമയ്ക്ക് നൽകുകയും ചെയ്യും. നിലയത്തിന്റെ പരിപാലനം 25 വർഷത്തേക്ക് കെ.എസ്.ഇ.ബി. നിർവഹിക്കും.

രണ്ടാമത്തേത് കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സംരംഭകന്റെ ചെലവിൽ സൗരനിലയം സ്ഥാപിച്ചുനൽകും. ഇതിൽത്തന്നെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂർണമായോ നിശ്ചിത നിരക്കിൽ കെ.എസ്.ഇ.ബി. വാങ്ങും. കൂടാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും സംരംഭകന് ആവശ്യമെങ്കിൽ ഉപയോഗിക്കാം. സൗരനിലയം ഉപഭോക്താവിന്റെ വീടിന്റെ മേൽക്കൂരയിലോ ഭൂമിയിലോ സ്ഥാപിച്ച് നൽകും. സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ കുറഞ്ഞത് 200 ചതുരശ്ര അടിയാണ് വേണ്ടത്. ഇതിൽനിന്ന്‌ രണ്ടുകിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. 200 ചതുരശ്ര അടി സോളാർ പാനൽ സ്ഥാപിക്കുന്നതിന് 1.30 ലക്ഷം രൂപയാണ് കെ.എസ്.ഇ.ബി. ഈടാക്കുന്നത്.

പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നവർ ജനുവരി 31-നകം കെ.എസ്.ഇ.ബി.യുടെ www.kseb.in എന്ന വെബ്‌സൈറ്റിൽ ‘സൗര’ എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണം. ലളിതമായ അഞ്ചു സ്റ്റെപ്പുകളിലൂടെ രജിസ്റ്റർ പൂർത്തിയാക്കാം. രജിസ്റ്റർ ചെയ്തവരുടെ വീടുകളിൽ/സ്ഥാപനങ്ങളിൽ എപ്രിൽവരെ കെ.എസ്.ഇ.ബി. പ്രതിനിധികൾ എത്തി പരിശോധിക്കും. തുടർന്ന് 2019 മധ്യത്തോടെ സോളാർ പാനലുകൾ സ്ഥാപിച്ചുതുടങ്ങും. ഫോൺ: 0471 2555544.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ