ജാതി-മത-കക്ഷി ബന്ധങ്ങള്‍ക്കതീതമായി മനുഷ്യനെ ഒന്നായിക്കണ്ട് മൊഗ്രാല്‍പുത്തൂരിന്റെ തനത് കലകളെയും ചരിത്രത്തെയും പുതുതലമുറയ്ക്ക് കൈമാറാനും സമൂഹത്തിന് പുതിയൊരു ദിശാബോധം നല്‍കുന്നതിനുമാണ് ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ഗ്രാമോത്സവം സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.എ. ജലീല്‍ പറഞ്ഞു. സന്നദ്ധ-സാംസ്‌കാരിക- കലാകായിക സംഘടനകള്‍, കുടുംബ ശ്രീ, അങ്കണവാടി, തൊഴിലുറപ്പു മേഖലയിലെ അംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ഉത്സവമേള ഒരുക്കുന്നത്. ദൈനംദിന ജീവിതത്തിലെ സമഗ്ര മേഖലകളെയും തൊട്ടുണര്‍ത്തുന്നതായിരിക്കും ഉത്സവ പരിപാടികള്‍. ആഘോഷത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളുടെ കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, കായിക മത്സരങ്ങള്‍, ഗ്രാമീണജീവത്തിന്റെ ഭൂതകാലം വിവിരിക്കുന്ന ചരിത്ര പ്രദര്‍ശനങ്ങള്‍, മെഡിക്കല്‍ ക്യാംപുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. കൂടാതെ ഗ്രാമോത്സവത്തിന്റെ ഭാഗമായി പഞ്ചായത്തിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഹൈടെക്ക് ക്ലാസ് മുറികള്‍ നാടിന് സമര്‍പ്പിക്കും. ഓരോ വിദ്യാലയത്തിലെയും മികച്ച അധ്യാപകരെ തെരഞ്ഞെടുത്ത് ആദരിക്കും.ആധുനിക സംവിധാനങ്ങളോടെ പുതിയ അങ്കണവാടികള്‍ക്ക് തുടക്കം കുറിക്കും.പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിനായി ക്ലീന്‍ മൊഗ്രാല്‍ പുത്തൂര്‍ എന്ന പദ്ധതിയും ഇതിനോടനുബന്ധിച്ച് മുപ്പതോളം ഹരിതകര്‍മ്മ സേനകളുടെ പ്രവര്‍ത്തനവും ആരംഭിക്കും.
ഭിന്നശേഷിക്കാരെയും സ്വാന്തന ചികിത്സ ലഭിക്കുന്നവരുള്‍പ്പെടെയുള്ളവരെ സംഘടിപ്പിച്ച് കുടുംബ സംഗമങ്ങളും സാംസ്‌കാരിക സായാഹ്നങ്ങളും മേളയ്ക്ക് കൊഴുപ്പേകും. വിവിധ ദിനങ്ങളിലായി നടക്കുന്ന കലാ-കായിക-സാംസ്‌കാരിക പരിപാടികളില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകന്മാര്‍, മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഗ്രാമോത്സവത്തിന്റെ വിജയത്തിനായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യരക്ഷാധികാരിയും, പഞ്ചായത്ത് പ്രസിഡന്റ് എ.എ. ജലീല്‍ ചെയര്‍മാനും, സെക്രട്ടറി ശ്രീജ കണ്‍വീനറും, പഞ്ചായത്തംഗം മുജീബ് കമ്പാര്‍ കണ്‍വീനറുമായി വിവിധ ഉപസമിതികളടക്കം 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. സി.പി.സി.ആര്‍.ഐ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടക സമിതിയോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മുഖ്യാഥിതിയായി. പഞ്ചായത്ത് പ്രസിഡന്റ് എ.എ. ജലീല്‍ അധ്യക്ഷത വഹിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ