ശനിയാഴ്‌ച, ഡിസംബർ 15, 2018
കാഞ്ഞങ്ങാട്:  ന്യൂനപക്ഷ വിദ്യാഭ്യാസ മേഖലയില്‍ കനത്ത സംഭാവനകളര്‍പ്പിച്ച ക്രാന്തദര്‍ശിയായ നേതാവ് മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്‌കോയയുടെ പേരില്‍ കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി.എച്ച്.മുഹമ്മദ്‌കോയ സ്മാരക എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ അജാനൂര്‍ കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളിന്റെ രജതജൂബിലി സ്മാരക കെട്ടിട സമുച്ചയം 18ന് ചൊവ്വാഴ്ച രാവിലെ 11ന് സംസ്ഥാന ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം നാടിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയുടെ തീരദേശമേഖലയില്‍ ഇദംപ്രഥമമായി എത്തുന്ന സംസ്ഥാന ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ വരവേല്‍ക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1987ല്‍ എല്‍.കെ.ജി ക്ലാസ്സുകളോടെ ആരംഭിച്ച ക്രസന്റ് സ്‌കൂളിന് അജാനൂര്‍ കടപ്പുറത്തെ ഏഴേക്കര്‍ വിസ്തൃതമായ സ്ഥലത്ത് രണ്ടര ഏക്കറിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും സെമിനാര്‍ ഹാളും കുട്ടികളുടെ പ്ലേ പാര്‍ക്കും ഉള്‍പ്പെടെ ആധുനികരീതിയിലുള്ള പുതിയ കെട്ടിട സമുച്ചയം ഉയര്‍ന്നു വന്നത്. അത്യുത്തര കേരളത്തില്‍ ഏറ്റവും അത്യന്താധുനിക സംവിധാനങ്ങളോടെയുള്ള മനോഹരമായ കെട്ടിടങ്ങളാണ് ക്രസന്റ് സ്‌കൂളിന് ഇപ്പോള്‍ ഉള്ളത്. നിലവില്‍ ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന ക്രസന്റ് സ്‌കൂളില്‍ നൂറോളം ജീവനക്കാരുടെയും 20 സ്‌കൂള്‍ ബസ്സുകളുടെയും സേവനം ലഭ്യമാണ്. നീന്തല്‍ക്കുളമടങ്ങിയ വിസ്തൃതമായ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണിയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടൊപ്പം തുടക്കം കുറിച്ചിട്ടുണ്ട്. 2001ലെ ആദ്യ ബാച്ച് മുതല്‍ സി.ബി.എസ്.ഇ പത്താംതരം പരീക്ഷയെഴുതിയ 18 ബാച്ചുകളിലും നൂറു ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞത് അഭിമാനാര്‍ഹമായ നേട്ടമാണ്.

നിലവില്‍ 246 പ്രാഥമിക അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.എച്ച്.സൊസൈറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട 25 അംഗ ഭരണസമിതിക്കാണ് സ്‌കൂളിന്റെ നിയന്ത്രണം.18ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. സി.എച്ച്.മുഹമ്മദ്‌കോയയുടെ മകനും കേരള നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവുമായ ഡോ.എം.കെ.മുനീര്‍ മുഖ്യപ്രഭാഷണം നടത്തും. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ പ്രസംഗിക്കും. സ്‌കൂള്‍ മാനേജറും സൊസൈറ്റി ജനറല്‍ സെക്രട്ടറിയുമായ പി.കെ.അബ്ദുള്ളക്കുഞ്ഞി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പുരസ്‌കാര സമര്‍പ്പണവും ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വ്വഹിക്കും. സൊസൈറ്റി ചെയര്‍മാന്‍ എം.ബി.എം.അഷറഫ് സ്വാഗതവും വൈസ് ചെയര്‍മാന്‍ സി.മുഹമ്മദ്കുഞ്ഞി നന്ദിയും പറയും. ക്ഷണിതാക്കള്‍ രാവിലെ 10.30ന് മുമ്പ് ഉദ്ഘാടന സമ്മേളനം നടക്കുന്ന ക്രസന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചേരേണ്ടതാണ്. സുരക്ഷാ കാരണങ്ങളാല്‍ വൈകിയെത്തുന്നവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

പത്ര സമ്മേളനത്തില്‍ സി.എച്ച്.സൊസൈറ്റി ചെയര്‍മാന്‍ എം.ബി.എം.അഷ്‌റഫ്, ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്ലക്കുഞ്ഞി, ട്രഷറര്‍ കെ.അബ്ദുള്‍ഖാദര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സൈഫുദ്ദീന്‍, സൊസൈറ്റി വൈസ് ചെയര്‍മാന്‍മാരായ സി.മുഹമ്മദ്കുഞ്ഞി, സി.കുഞ്ഞബ്ദുള്ള പാലക്കി, സെക്രട്ടറിമാരായ കൊത്തിക്കാല്‍ ഹസ്സന്‍, കെ.കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ