ബുധനാഴ്‌ച, ഡിസംബർ 19, 2018
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പോലീസ് തന്നെ വ്യാജമായി പ്രതിചേര്‍ത്തതാണെന്നും കേസിനു പിന്നിലെ ഗൂഢാലോചന പുറത്തുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. പോലീസ് അന്വേഷണം പക്ഷപാതപരമായിരുന്നു. സ്ഥിരം കുറ്റവാളികളായ ചിലരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയത്. തനിക്കെതിരെ ഗൂഢാലോചനയുണ്ട്. ലിബര്‍ട്ടി ബഷീര്‍, ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ ഗൂഢാലോചനയാണ് തന്നെ കേസില്‍ കുടുക്കിയതെന്നും ദിലീപ് ആരോപിച്ചിരുന്നു.

എന്നാല്‍ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേ ദിലിപ് അനാവശ്യമായി ഹര്‍ജികള്‍ നല്‍കി വിചാരണ തടയുകയാണെന്നും ഈ കേസും അത്തരത്തിലുള്ളതാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ജസ്റ്റീസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും രേഖകള്‍ പരിശോധിച്ചതില്‍ അന്വേഷണം തൃപ്തികരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ലിബര്‍ട്ടി ബഷീറിനും ശ്രീകുമാര്‍ മേനോനുമെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവു നിരത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ വിചാണ വേളയില്‍ തെളിയിക്കാനും ദിലീപിനോട് കോടതി നിര്‍ദേശിച്ചു.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം 40ല്‍ ഏറെ ഹര്‍ജികള്‍ ദിലീപ് കീഴ്‌കോടതികളില്‍ നല്‍കിയിട്ടുണ്ട്. വിചാരണ വൈകിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പോലീസ് അന്വേഷണമെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പ്രോസിക്യുഷന്‍ കോടതിയില്‍ നിലപാടെടുത്തു. കൃത്യമായ അന്വേഷണം നടത്തി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പോലീസും ചൂണ്ടിക്കാട്ടിയിരുന്നു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍പ് ദിലീപിന്റെ അമ്മ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയും തള്ളിയിരുന്നു. മകനെ പോലീസ് വ്യാജമായി പ്രതിചേര്‍ത്തതാണെന്നായിരുന്നും അന്നും ചൂണ്ടിക്കാട്ടിയിരുന്നത്.

കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജിയെ അനുവദിക്കണമെന്നും കാണിച്ച് നടി സമര്‍പ്പിച്ച ഹര്‍ജിയും ഇതേ ബെഞ്ച് വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ