ബുധനാഴ്‌ച, ഡിസംബർ 19, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഒരാഴ്ചയോളം പഴക്കമുള്ള പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഇന്ന് നടത്തിയ റെയ്ഡില്‍ പിടികൂടിയത്.
നഗരത്തിലെ ആറോളം ഹോട്ടലുകളിലാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം ഇന്ന് പരിശോധന നടത്തിയത്. ഇതില്‍ മൂന്നിടത് നിന്ന് ഒരാഴ്ചയിലധികം പഴക്കമുള്ള ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ റെയില്‍വേ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഐസ് മാജിക്, ഹോട്ടല്‍ ഗോള്‍ഡന്‍ ഫ്രഷ്, കോട്ടച്ചേരിയിലെ ഹോട്ടല്‍ ന്യൂ കേരള എന്നിവിടങ്ങളിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയത്. ഫ്രിഡ്ജിലും ഫ്രീസറിനുള്ളിലുമായി സൂക്ഷിച്ചിരുന്ന പകുതി വേവിച്ച പല തരം ഇറച്ചികള്‍, പാകം ചെയ്ത കറികള്‍ ,ബിരിയാണി, ചപ്പാത്തി, പോറോട്ട വിവിധ തരം പലഹാരങ്ങള്‍ എന്നിവയാണ് പിടികൂടിയത്. നഗരസഭ സൂപ്പര്‍വൈസര്‍ പി.പി.രാജശേഖരന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് സ്‌ക്വാഡാണ് പരിശോധന നടത്തിയത്.സ്‌ക്വാഡില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി. സജികുമാര്‍, ബീന വി.വി, സീമ പി.വി എന്നിവര്‍ ഉണ്ടായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ