മൊഗ്രാൽ : കുമ്പള ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ മൊഗ്രാലിൽ പ്രവർത്തിച്ചുവരുന്ന കേരളത്തിലെ ആദ്യത്തെ സർക്കാർ യൂനാനി ആശുപത്രിയിൽ 6 മാസമായി മരുന്നില്ലാത്തത് രോഗികൾക്ക് ദുരിതമാവുന്നു. ദിവസേന നൂറോളം രോഗികളാണ് ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി ആശുപത്രിയിലെത്തുന്നത്.
മരുന്നിനായി ഫണ്ട് അനുവദിക്കുന്നതിലേയും, അത് ലഭ്യമാകുന്നതിലേയും അധികൃതർ കാണിക്കുന്ന അലംഭാവവും, കാലതാമസവുമാണ് വർഷാവർഷം മരുന്നിന് ക്ഷാമം നേരിടുന്നത്,.ഇതുമൂലം തുടർചികിത്സ ലഭ്യമാകാതെ രോഗികൾ വെറുംകയ്യോടെ മടങ്ങുന്ന സ്ഥിതിയാണുള്ളത്. ഡോക്ടർ രോഗികളെ പരിശോധിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.
ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ആദ്യം 12 ലക്ഷം രൂപ അനുവദിച്ചതായി പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഫണ്ടിന്റെ അപര്യാപ്തമൂലം 9 ലക്ഷത്തിൽ ചുരുക്കിയെങ്കിലും തുടർന്നടപടിയിലെ കാലതാമസമാണ് മരുന്ന് ലഭിക്കാത്തതിന്റെ കാരണമായി പറയുന്നത്. പഞ്ചായത്ത് സെക്രട്ടറിയാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. രോഗികളുടെ വർധനയും, മരുന്നിന്റെ ആവശ്യകതയും കണക്കിലെടുത്താണ് മുൻവർഷങ്ങളിലേക്കാൾ ഈ വർഷം അധിക തുക നീക്കിവെച്ചിരുന്നത്. സാമ്പത്തിക വർഷത്തിന്റെ മുക്കാൽ ഭാഗവും പിന്നിട്ടിട്ടും രോഗികൾക്ക് പ്രയോജനം ലഭിക്കാത്തത് നാട്ടുകാർക്കിടയിൽ പ്രധിഷേധത്തിന് കാരണമായിട്ടുണ്ട്.
മറ്റു സർക്കാർ സ്ഥാപനങ്ങളിൽ അതാത് സ്ഥാപന മേധാവികളാണ് നിർവ്വഹണ ഉദ്യോഗസ്ഥരായി ചുമതലപ്പെടുത്തകിയിട്ടുള്ളത്. യുനാനി ആശുപത്രിയിൽ സ്ഥാപന മേധാവിയായ മെഡിക്കൽ ഓഫീസർക്ക് ഇതിനുള്ള അധികാരം നൽകാത്തതും മരുന്ന് ലഭ്യത വൈകുന്നതിന് കാരണമായിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങളും പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
അതിനിടെ യുനാനി ഡിസ്പെന്സറിയിൽ കിടത്തി ചികിത്സയ്ക്കാവശ്യമായ കെട്ടിട നിർമ്മാണത്തിനും മറ്റും സർക്കാർ ഫണ്ട് അനുവദിച്ചിട്ടും വികസന പ്രവർത്തനങ്ങളിലും അനിശ്ചിതത്വം നിലനിക്കുന്നുണ്ട്. അവഗണന തുടരുന്ന സാഹചര്യത്തിൽ ആശുപത്രി ഭരണ ചുമതല ജില്ലാ പഞ്ചായത്തിന് കൈമാറണമെന്ന ആവശ്യവുമായി മൊഗ്രാൽ ദേശീയ വേദി രംഗത്തുണ്ട്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാനാണ് ദേശീയ വേദിയുടെ തീരുമാനം.
വെള്ളിയാഴ്‌ച, ഡിസംബർ 21, 2018
സ്വന്തം ലേഖകന്

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ