ഞായറാഴ്‌ച, ഡിസംബർ 09, 2018
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിര്‍വഹിച്ചു. ഇരുവരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത്.  ഡിപ്പാര്‍ച്ചര്‍ ഹാളിലായിരുന്നു ടെര്‍മിനിലിന്റെ ഉദ്ഘാടനം.

അതിനു ശേഷം വിമാനത്താവളത്തില്‍ നിന്നും ആദ്യ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അബൂദബി സര്‍വീസിന്റെ ഫ്ളാഗ് ഓഫും ഇരുവരും നിര്‍വഹിച്ചു. 9.55 നായിരുന്നു
ഫ്ളാഗ് ഓഫ്.   ഇന്ന് രാവിലെ എട്ടിന് തുടങ്ങുന്ന കലാ-സാംസ്‌കാരിക പരിപാടികളോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്.

ഉദ്ഘാടന ദിനമായ ഇന്ന് ആദ്യ വിമാനത്തിലെ യാത്രക്കാര്‍ ഏഴ് മണിക്ക് മുമ്പ് തന്നെ എമിഗ്രേഷന്‍ ക്ലിയറന്‍സ് പരിശോധനക്ക് വേണ്ടി എത്തിയിരുന്നു. ഇന്ന് വൈകിട്ട് ഏഴു മണിയോടെ യാത്രക്കാരുമായുള്ള ആദ്യ വിമാനം കണ്ണൂരില്‍ ഇറങ്ങും. കണ്ണൂര്‍ വിമാനത്താവള പ്രദേശത്ത് ഗള്‍ഫ് പ്രവാസികള്‍ കൂടുതലുള്ളതിനാല്‍ തുടക്കത്തില്‍ സര്‍വീസുകള്‍ ഭൂരിഭാഗവും ആ മേഖലകളിലേക്കാണ് നടക്കുക. മറ്റിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ താമസിയാതെ തുടങ്ങും. ചെന്നൈ, ബംഗളൂരു, ഗോവ, ഹൈദരാബാദ്, ഹുബ്ലി, മുംബൈ, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകളും കണ്ണൂരില്‍ നിന്നുണ്ടാകും.

ഉദ്ഘാടന ദിനത്തിമായ ഇന്ന് തന്നെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര വിമാന സര്‍വീസിനും തുടക്കമാകും. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഗോ എയര്‍ വിമാനമാണ് സര്‍വീസ് നടത്തുക. വൈകുന്നേരം മൂന്നിനാണ് സര്‍വീസ്. തിരുവന്തപുരത്ത് വൈകുന്നേരം 4.15 ന് യാത്രക്കാരുമായി വിമാനം ലാന്‍ഡ് ചെയും.

2948 രൂപയാണ് തിരുവന്തപുരത്തേക്കുള്ള നിരക്ക്. ഫ്ളക്സി നിരക്ക് 3395 രൂപയാണ്. ഇന്നലെ മുതല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ ആഭ്യന്തര സര്‍വീസിനുള്ള ബുക്കിംഗ് ഗോ എയറിന്റെ വെബ്‌സൈറ്റ് മുഖേന ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു-കണ്ണൂര്‍ യാത്രയ്ക്ക് നിലവില്‍ 2013 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.

നിലവില്‍ വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. അതിനായി സംസ്ഥാന മുഖ്യമന്ത്രിയും കിയാലും ശ്രമങ്ങള്‍ നടത്തി വരികയാണ്.

ഏറ്റവും ആധുനികമായ സൗകര്യങ്ങളാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കാനുള്ള ശ്രമത്തിലാണ് കിയാല്‍. ഒരു മണിക്കൂറില്‍ 2000ത്തിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിന് സാധിക്കും. 24 ചെക്കിന്‍ കൗണ്ടറുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. ആവശ്യത്തിനനുസരിച്ച് ഇത് 48 വരെയായി ഉയര്‍ത്താനാവും. ഒരേ ഗേറ്റിലൂടെയാണ് ആഭ്യന്തര-വിദേശ യാത്രക്കാര്‍ ടെര്‍മിനലിനകത്തേക്ക് പ്രവേശിക്കുക. ആറ് എയറോ ബ്രിഡ്ജുകള്‍, മൂന്ന് ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റുകള്‍, ബാഗേജ് റാപ്പിംഗ് സംവിധാനം, സെല്‍ഫ് ചെക്കിന്‍ കൗണ്ടറുകള്‍, പ്രീപെയ്ഡ് ടാക്സി തുടങ്ങി സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വിമാനത്താവള റണ്‍വേ നിലവില്‍ 3050 മീറ്ററില്‍ നിന്ന് 4000 മീറ്ററായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ