അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്നേറുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നത്. നിലവില്‍ ഈ മൂന്ന് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. അതിനാല്‍ത്തന്നെ കോണ്‍ഗ്രസിന്റെ മുന്നേറ്റം കേന്ദ്രസര്‍ക്കാറിന് ശക്തമായ തിരിച്ചടിയാകും.
ബിജെപിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണായകമായ ഫലത്തെ ഏറെ പ്രതീക്ഷയോടെയും ആശങ്കയോടെയുമാണ് ഇരു മുന്നണിയും കാത്തിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത് ബിജെപിക്ക് അക്ഷരാര്‍ത്ഥത്തില്‍ അഗ്നിപരീക്ഷയാകുകയാണ്.
തെലങ്കാനയില്‍ ടിആര്‍എസും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടുമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിനൊപ്പംതന്നെ ദേശീയ രാഷ്ട്രീയത്തിലും ശക്തമായ പ്രതിഫലനമുണ്ടാക്കുന്ന ഫലമാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസിന് പ്രതീക്ഷയും ബിജെപിക്ക് ആശങ്കയും നല്‍കുന്ന ജനവിധി 2019ലെ ലോക്‌സഭാ തിരിഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ സൂചനകൂടിയാണ് നല്‍കുന്നത്.
രണ്ട് ഘട്ടങ്ങളിലായി ഛത്തിസ്ഗഢിലായിരുന്നു അദ്യം തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ടം നവംബര്‍ 12 നും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 20 നുമായിരുന്നു. ആദ്യ ഘട്ടത്തില്‍ 18 മണ്ഡലത്തിലേക്കും രണ്ടാം ഘട്ടത്തില്‍ 72 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം എന്ന് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു എങ്കിലും മികച്ച രീതിയിലുള്ള പോളിംഗ് തന്നെയായിരുന്നു രണ്ട് ഘട്ടങ്ങളിലും രേഖപ്പെടുത്തിയത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഇവിടെ പ്രധാനമത്സരം.
നവംബര്‍ 28നായിരുന്നു മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നത്. 230 മണ്ഡലങ്ങളാണ് മധ്യപ്രദേശില്‍ ഉള്ളത്. ഇവിടെ കോണ്‍ഗ്രസ് വിജയിച്ചാല്‍ 15 വര്‍ഷമായി തുടരുന്ന ബിജെപി ഭരണത്തിനാണ് അന്ത്യം കുറിക്കുക. 28ന് തന്നെയായിരുന്നു മിസോറാമിലും തെരഞ്ഞെടപ്പ് നടന്നത്. 40 മണ്ഡലങ്ങളുള്ള മിസോറാമില്‍ നിലവില്‍ കോണ്‍ഗ്രസാണ് അധികാരത്തില്‍ ഉള്ളത്. എന്നാല്‍ മിസോറാം കോണ്‍ഗ്രസിനെ കൈവിടും എന്നാണ് എക്‌സിററ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെക്കാളും കൂടുതല്‍ സീറ്റുകള്‍ മുഖ്യ പ്രതിപക്ഷമായ എംഎന്‍എഫിന് ലഭിക്കും എന്നും ചില സര്‍വേകള്‍ പ്രവചിക്കുന്നു.
ഡിസംബര്‍ ഏഴിനായിരുന്നു തെലങ്കാനയിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനിലെ 199, തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ ഭരണ മാറ്റം ഉണ്ടാകും എന്ന പതിവ് ഇത്തവണയും രാജസ്ഥാനില്‍ തുടരും എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. തെലങ്കാനയിലാകട്ടെ ചന്ദ്ര ശേഖര്‍ റാവു അധികാരം നിലനിര്‍ത്തും എന്നതാണ് എക്‌സിറ്റ് പോള്‍ ഫലം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ