ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. നാളെ നടക്കുന്ന സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്കിനെതിരെ ശക്തമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. നാട്ടുകാരെ കാണിക്കാന്‍ സമരം ചെയ്യരുതെന്ന് പറഞ്ഞ കോടതി പ്രശ്‌നപരിഹാരത്തിന് ശ്രമം നടക്കുമ്പോള്‍ സമരമെന്തിനെന്നും ചോദിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കി എന്നത് സമരം നടത്താനുള്ള അവകാശമല്ലെന്നും പൊതുഗതാഗത സംവിധാനമെന്ന നിലയില്‍ സമരം നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
യൂണിയനുകള്‍ ആവശ്യപ്പെട്ട ചില ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അടുത്ത ദിവസം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അക്കാര്യം യൂണിയനുകളെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സമരവുമായി മുന്നോട്ടുപോകേണ്ട ആവശ്യമുണ്ടോ എന്ന് കോടതി ചോദിച്ചത്.
കെ.എസ്.ആര്‍.ടി.സി എംഡി ടോമിന്‍ ജെ തച്ചങ്കരിയെയും കോടതി വിമര്‍ശിച്ചു. ഒന്നാം തിയതി സമരവുമായി ബന്ധപ്പെട്ട് നോട്ടീസ് കിട്ടിയിട്ടും ഇന്ന് ചർച്ചയ്ക്ക് വിളിച്ചതിനെതിരെയാണ് വിമർശനം. തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാൻ എംഡിക്ക് ബാധ്യതയുണ്ട്.സമരക്കാരുമായി ചർച്ച തുടരുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഇന്ന് രാവിലെ നടന്ന സിഎംഡിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടെന്നും അതിനാല്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും ട്രേഡ് യൂണിയനുകള്‍ നേരത്തെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഹൈക്കോടതി ട്രേഡ് യൂണിയനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്.
ഡ്യൂട്ടി പരിഷ്‌കരണത്തിലെ അശാസ്ത്രീയത പരിഹരിക്കുക, ശമ്പളപരിഷ്‌കരണം സ്ഥാനക്കയറ്റം തുടങ്ങിയവ സമയബന്ധിതമായി നടപ്പിലാക്കുക പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കു തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ സമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ