കണ്ണൂർ: ശബരിമല യുവതീപ്രവേശനത്തെത്തുടർന്നുണ്ടായ അക്രമങ്ങൾ കണ്ണൂർ ജില്ലയിൽ വ്യാപിക്കുന്നു. കണ്ണൂരിൽ സിപിഎം, ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറുണ്ടായി. സംഘർഷം നിയന്ത്രണാതീതമായി മാറിയതോടെ എല്ലാ പൊലീസുകാരോടും അവധി റദ്ദാക്കി ഡ്യൂട്ടിക്കെത്താൻ നിർദേശിച്ചു. തലശ്ശേരിയിലും ഇരിട്ടിയിലും കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചു. രാത്രിയിൽ 19പേരെ കരുതൽ തടങ്കലിലെടുത്തു. ജില്ലയിൽ പൊലീസ് പട്രോളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കി.
തലശ്ശേരി എം.എൽ.എ. എ.എൻ. ഷംസീർ , വി. മുരളീധരൻ എം.പി., സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ശശി എന്നിവരുടെ വീടുകൾക്ക് ബോംബാക്രമണമുണ്ടായി. ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിന്റെ വീട് ആക്രമിക്കാനും ശ്രമം നടന്നു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ തലശ്ശേരി എം.എൽ.എ. എ.എൻ. ഷംസീറിന്റെ മാടപീടികയിലുള്ള വീടിനുനേരെ ബോംബേറുണ്ടായി. ഈ സമയം എംഎൽഎ വീട്ടിലിലില്ലായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല. അക്രമത്തിന് പിന്നിൽ ആർഎസ്എസാണെന്ന് ഷംസീർ പറഞ്ഞു
സി.പി.എം. മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ വീടിനു നേരെ രാത്രി വൈകിയാണ് ബോംബേറുണ്ടായത്. രാത്രി 12 മണിയോടെ വി. മുരളീധരൻ എം.പിയുടെ എരഞ്ഞോളി വാടിയിൽ പീടികയിലെ തറവാട്ടുവീട്ടിന് നേരെ ബോംബേറുണ്ടായി. ഇരിട്ടിക്കടുത്ത് പെരുവംപറമ്പിൽ സി.പി.എം. പ്രവർത്തകൻ വി.കെ.വിശാഖിന് വെട്ടേറ്റു. വിശാഖിനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ കണ്ണൂർ ചെറുതാഴത്ത് ആർഎസ്എസ് കാര്യാലയത്തിന് തീയിട്ടു. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപത്തുള്ള ആർഎസ്എസ് കാര്യാലയമാണ് രാത്രി തീവെച്ച് നശിപ്പിച്ചത്.
കണ്ണൂർ എ ആർ ക്യാമ്പിൽ നിന്ന് കൂടുതൽ സേനയെ തലശ്ശേരി ഇരിട്ടി മേഖലയിൽ വിന്യസിച്ചു. അവധിയിൽ പോയ പൊലീസ് ഉദ്യോഗസ്ഥരെ മുഴുവൻ തിരിച്ചു വിളിച്ചു. കണ്ണൂർ എസ് പി തലശ്ശേരിയിൽ ക്യാമ്പ് ചെയ്ത് പൊലീസ് നീക്കത്തിന് നേതൃത്വം നൽകുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ