തൃശൂര്‍: കാഞ്ഞാണിയില്‍ നാല് കോടി രൂപ വിലമതിക്കുന്ന കഞ്ചാവു പിടികൂടി. 42 കിലോ കഞ്ചാവുമായി രണ്ട് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികളെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. അന്തിക്കാട് കാഞ്ഞാണി മേഖലകളില്‍ കഞ്ചാവ് സംഘങ്ങള്‍ വിലസുന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ഒരുക്കിയ വലയിലാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. കാഞ്ഞാണി ബസ്റ്റാന്റ് പരിസരത്ത് വലിയ രണ്ട് ട്രോളി ബാഗിലായി കഞ്ചാവ് എത്തിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
ആലുവ സ്വദേശി 21 വയസുള്ള അഹമ്മദ്, പട്ടാമ്പി സ്വദേശി 21 കാരനായ രോഹിത് എന്നിവരെയാണ് അന്തിക്കാട് എസ്ഐ കെഎസ് സൂരജ് അറസ്റ്റു ചെയ്തത്. ഇവര്‍ രണ്ടു പേരും കറുകുറ്റിയിലെ എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.
ആന്ധ്രയില്‍ നിന്നാണ് സംഘം കഞ്ചാവ് വരുത്തുന്നത്. ഇവര്‍ പഠിക്കുന്ന എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. ആഡംബര ചെലവിനായി അധിക പണം കണ്ടെത്താന്‍ വേണ്ടിയാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു. അന്തിക്കാടും തീരദേശ മേഖലയിലുള്ള ഇടനിലക്കാര്‍ക്കും എത്തിക്കാനുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. ഇടനിലക്കാര്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും പ്രതികള്‍ പറഞ്ഞു.
മാസങ്ങള്‍ നീണ്ട പ്രയത്നത്തിലാണ് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളെ അന്തിക്കാട് പൊലീസ് വലയിലാക്കിയത്. രണ്ടു മാസം മുമ്പ് അരിമ്പൂരില്‍ നിന്ന് 500 ഗ്രാം ചരസും, പെരിങ്ങോട്ടുകരയില്‍ നിന്ന് കഞ്ചാവും പിടികൂടിയിരുന്നു. തുടര്‍ന്ന് അന്തിക്കാട് എസ്ഐ കെഎസ് സൂരജിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമുണ്ടാക്കി അന്വേഷണം നടത്തി വരികയായിരുന്നു.
ചെറിയ കേസുകളില്‍ പിടിക്കപ്പെടുന്നവരെ ചോദ്യം ചെയ്ത് പലവിധ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. സീനിയര്‍ സിപിഒ രാജേഷ്, സിപിഒമാരായ ഷിഹാബ്, ഷറഫുദ്ദീന്, കൃഷ്ണകുമാര്‍, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് റഷീദ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
0 Comments