കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പീതാംബരന്റെ കുടുംബം. കൊലപാതകത്തില്‍ പീതാംബരന് പങ്കില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും ഭാര്യ മഞ്ജു പറഞ്ഞു. പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്നും ഭാര്യ മഞ്ജു വ്യക്തമാക്കി. എന്നാല്‍ വേദനകൊണ്ടാണ് കുടുംബാംഗങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്നും പാര്‍ട്ടിക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പ്രതികരിച്ചു.
അടുത്തിടെയുണ്ടായ ആക്രമണത്തില്‍ പീതാംബരന്റെ വലതു കൈ ഒടിഞ്ഞിരുന്നതാണ്. കഴിഞ്ഞ ദിവസമാണ് പ്ലാസ്റ്റര്‍ ഇളക്കിയത്. പാസ്റ്റര്‍ ഇളക്കിയെങ്കിലും കൈയ്ക്ക് വേദനയും സ്വാധീനക്കുറവുമുണ്ട്. ഇങ്ങനെയുള്ള ഒരാള്‍ എങ്ങനെയാണ് തലയ്ക്കടിക്കുന്നത്.' - പീതാംബരന്റെ ഭാര്യ ചോദിക്കുന്നു. മറ്റാര്‍ക്കോ വേണ്ടി പീതാംബരന്‍ കുറ്റം സ്വയം ഏറ്റെടുക്കുകയായരുന്നെന്നും അവര്‍ പറഞ്ഞു.
കഞ്ചാവിന്റെ ലഹരിയിലാണ് കൃപേഷിനെയും ശരത്തിനെയും വെട്ടിയതെന്ന പീതാംബരന്റെ മൊഴിയും കുടുംബാഗങ്ങള്‍ തള്ളിക്കളയുന്നു. ഇതുവരെ ബീഡി പോലും വലിക്കാതിരുന്നയാള്‍ കഞ്ചാവ് വലിച്ചിരുന്നെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്നും ഭാര്യ വ്യക്തമാക്കി.
പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും അച്ഛന്‍ സജീവമായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വീടിനു നേരെ ആക്രമണമുണ്ടായപ്പോള്‍ പാര്‍ട്ടിക്കാര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും പീതാംബരന്റെ മകള്‍ ദേവിക പറഞ്ഞു.
അതേസമയം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ന്യൂസ് 18 നോട് പറഞ്ഞു. പീതാംബരന്റെ ആരോഗ്യത്തെ കുറിച്ച് പറയേണ്ട കാര്യമില്ല. കുടുംബാംഗങ്ങള്‍ വേദനകൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നത്. അതു കാര്യമാക്കേണ്ട. ബീഡി വലിക്കുമോ കഞ്ചാവ് വലിക്കുമോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. പാര്‍ട്ടിക്ക് വേണ്ടിയാണ് കൊലയെന്നത് പാര്‍ട്ടി നിഷേധിച്ചിട്ടുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പീതാംബരനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിനു പിന്നാലെ പീതാംബരനെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു. അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതംബരന്‍ മൊഴി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. കൃപേഷിന്റെ തലയ്ക്ക് ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിച്ചത് പീതാംബരനാണെന്നും മൊഴിയുണ്ട്. അതേസമയം കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ