അലാമിപ്പള്ളിക്ക് ഇനി ഉത്സവകാലം

അലാമിപ്പള്ളിക്ക് ഇനി ഉത്സവകാലം

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരം ഇനി 27 വരെ  ഉത്സവ നഗരിയാവും. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കാഞ്ഞങ്ങാടിന് ലഭിച്ച ആധുനികമായി സജ്ജീകരിച്ച ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനം ജനകീയ മഹോത്സവമാക്കാനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്.  ജില്ലയിലെ വിവിധ ഭാഗങ്ങളിലായി സര്‍ക്കാര്‍ നടപ്പാക്കിയ ഇരുപത് വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനതോടനുബന്ധിച്ച് നടന്നത്.  അലാമിപ്പള്ളിയിലെത്തുന്നവരെ വരവേല്‍ക്കുന്ന പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ഭീമാകാരനായ ദിനോസര്‍ ഏവരുടെയും ശ്രദ്ധ കവര്‍ന്നു.  മാലിന്യ മുക്ത കേരളത്തിനായി  സര്‍ക്കാര്‍  സ്വീകരിച്ചു വരുന്ന ശ്രമങ്ങളുടെ സന്ദേശം പകരുന്നതായിരിന്നു പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് പ്രതീകാത്മകമായി നിര്‍മിച്ച ദിനോസര്‍ രൂപം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ എണ്‍പതോളം സ്റ്റാളുകളാണ് ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും മറ്റുമുള്ള  വിവരങ്ങളും വിനോദ വിജ്ഞാനങ്ങളെ കോര്‍ത്തിണക്കി പൊതുജനങ്ങളില്‍ കൗതുകം സൃഷ്ടി ക്കുന്ന രീതിയിലാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.  ഭക്ഷണ പ്രിയര്‍ക്ക്് നൂറുകൂട്ടം ഭക്ഷ്യ വിഭവങ്ങള്‍ അനുഭവിച്ചറിയാന്‍ ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം 3 മണി മുതല്‍  രാത്രി 9 വരെ പ്രവര്‍ത്തിക്കുന്ന സ്റ്റാളുകള്‍ ഈ മാസം 27 വരെ പൊതു ജനങ്ങള്‍ക്ക് വിജ്ഞാനം വിളമ്പും. കാഞ്ഞങ്ങാടിന്റെ സായാഹ്നങ്ങളെ വര്‍ണാഭമാക്കാന്‍ നിരവധി കലാപരിപാടികള്‍ സംഘടിപ്പിക്കും.  ആദ്യദിനത്തില്‍ ലിറ്റില്‍ തിയേറ്റര്‍ ബേഡകത്തിന്റെ 250 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രാണനൂല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അരങ്ങേറി. 23ന് വൈകീട്ട് 7ന്  കണ്ണൂര്‍ സംഘ കലയുടെ മള്‍ട്ടി വിശ്വല്‍ വില്‍ കലാമേള നടക്കും. 24ന് വൈകീട്ട് 7ന് പുള്ളികരിങ്കാളിയമ്മ ദേവസ്ഥാനം മാതൃസമിതി മെഗാ മോഹിനിയാട്ടം അവതരിപ്പിക്കും.  25ന് വൈകീട്ട് 7മുതല്‍ കുടുംബശ്രീ ജില്ല മിഷന്റെ നൃത്ത ഗാന സന്ധ്യ അരങ്ങേറും. 26ന് വൈകുന്നേരം 7 മുതല്‍ നാടന്‍ പാട്ടുകളും 27ന് വൈകുന്നേരം ഇശല്‍ രാവും ഫിഗര്‍ ഷോയും അരങ്ങേറും.

Post a Comment

0 Comments