ചൊവ്വാഴ്ച, ഫെബ്രുവരി 26, 2019
കാഞ്ഞങ്ങാട് : ചെമ്പരിക്ക ഖാസിയായിരുന്ന സി എം അബ്ദുള്ള മൗലവിയുടെ വധക്കേസ് പുനരന്വേഷണം നടത്തണമെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സമസ്ത സംഘടനകളുടെ ആഭിമുഖ്യത്തില്‍ 28ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പ്രതിഷേധ സംഗമം വന്‍ വിജയമാക്കിതീര്‍ക്കാന്‍ എല്ലാ മഹല്ല് നിവാസികളോടും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മറ്റി ആഹ്വാനം ചെയ്തു. പ്രഗല്‍ഭ മത പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും കാസറഗോഡ് ജില്ലയിലെ മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ വക്താവും പ്രശസ്ത ഗോള ശാസ്ത്ര വിശാരദനുമായിരുന്ന സി എം അബ്ദുള്ള മൗലവി യുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണം കൊലപാതകമാണെന്ന്  എല്ലാ സാഹചര്യ തെളിവ് കൊണ്ടും വ്യക്തമായിട്ടും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പി ആത്മഹത്യ എന്ന സിദ്ധാന്തത്തില്‍ അഭയം തേടിയ സി ബി ഐ യുടെ നിലപാട് ലജ്ജാകരമാണ് ഈ സാഹചര്യത്തില്‍ കുടുംബത്തിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും തൃപ്തി ആകും വിധം അവര്‍ ഉന്നയിക്കുന്ന തെളിവുകള്‍ അടക്കം പരിശോധിച്ച് കൊണ്ടുള്ള സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥ സത്യം പുറത്ത് കൊണ്ട് വരാന്‍ സാധിക്കൂ എന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു.  മൂന്ന് തവണ അന്വേഷിച്ച് ആത്മഹത്യയാണെന്ന് സി ബി ഐ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ അഭയ കേസില്‍ നാലാം തവണ സി ബി ഐ യുടെ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞതും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തതുമെന്ന കാര്യം സി എം അബ്ദുള്ള മൗലവിയുടെ കേസിലും പ്രസക്തമാണെന്ന് കമ്മറ്റി ചൂണ്ടിക്കാട്ടി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ