ചൊവ്വാഴ്ച, ഫെബ്രുവരി 26, 2019
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി. സിബിഐ അന്വേഷണം എന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്‌കരിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്നാണ് യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയത്. യോഗത്തിലെ കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്ന് ഉറപ്പ് നല്‍കിയതാണെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇറങ്ങിപ്പോവുകയായിരുന്നെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

അതിനിടെ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ഡിസിസിയുടെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ നിരാഹാരം തുടങ്ങി. പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. സിബിഐ അന്വേഷത്തില്‍ ഉറപ്പ് ലഭിക്കാതെ സമാധാന യോഗവുമായി സഹകരിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

ഗൂഡാലോചന നടത്തിയവര്‍ പിടിക്കപ്പെടും എന്ന ഭയം കൊണ്ടാണ് സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി എതിര്‍ക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത വി.എം സുധീരന്‍ പറഞ്ഞു.അതേ സമയം കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു. ക്രൈബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ