വെള്ളിയാഴ്‌ച, മാർച്ച് 08, 2019
തിരുവനന്തപുരം: ഇടതു മുന്നണിയില്‍ ലോക്‌സഭ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ കാഴ്ചക്കാരായി എട്ട് ഘടകകക്ഷികള്‍. 16 സീറ്റില്‍ സിപിഎമ്മും നാലു സീറ്റില്‍ സിപിഐയും മത്സരിക്കുമെന്ന് മുന്നണി പ്രഖ്യാപിച്ചതോടെയാണ് മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ വെറും കാഴ്ചക്കാരായി മാറിയത്.

തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് സീറ്റുകളില്‍ സിപിഐയും ബാക്കി വരുന്ന മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികളുമാണ് മത്സരിക്കുന്നത്. ഇതില്‍ സിപിഐ സ്ഥാനാര്‍തികളെ പ്രഖ്യാപിക്കുകയും ചെയ്തു. സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുമാണ്. ഇതിനിടെ സിപിഎമ്മും സിപിഐയും മാത്രം ലോക്‌സഭ സീറ്റുകള്‍ വീതിച്ചെടുത്തത് മുന്നണി കണ്‍വീനറും സ്ഥിരീകരിച്ചു.

ഒരു സീറ്റെന്ന ആവശ്യവുമായി മുന്നണിയിലെ മൂന്നാമത്തെ ഘടകകക്ഷിയായ ജനതാദള്‍(സെക്കുലര്‍) രംഗത്തെത്തിയെങ്കിലും അതിനു വഴങ്ങാന്‍ സിപിഎം തയാറായില്ല. വെള്ളിയാഴ്ച ജെഡിഎസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും സിപിഎം ഇക്കാര്യം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോട്ടയം സീറ്റ് ഇക്കുറിയും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജെഡിഎസ്. ജയസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റ് ചോദിച്ചു വാങ്ങാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ നേരത്തെയുണ്ടായിരുന്നു സീറ്റ് പോലും നല്‍കാന്‍ സിപിഎം തയാറായില്ല. യുഡിഎഫ് വിട്ട് അടുത്തിടെ ഇടതു മുന്നണിയില്‍ ചേക്കറിയ വീരേന്ദ്രകുമാറിന്റെ എല്‍ജെഡിയും സീറ്റിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ ഇതും പരിഗണിച്ചില്ല.


നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി എസ്‌ജെഡി, എല്‍ജെഡി നേതാക്കളെ അറിയിക്കുകയായിരുന്നു. ഇതിനിടെ ഇടതുമുന്നണിയിലേത് യോജിച്ച തീരുമാനമാണെന്ന് ജെഡിഎസ് സംസ്ഥാനപ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി ഉഭയകക്ഷി യോഗത്തിനു പിന്നാലെ പ്രതികരിച്ചു. മുന്നണി തീരുമാനം അംഗീകരിക്കുന്നുവെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിനും സീറ്റ് നിഷേധത്തില്‍ പ്രതിഷേധമുണ്ട്. എന്നാല്‍ എസ്‌ജെഡി, എല്‍ജെഡി കക്ഷികളെ തഴഞ്ഞ സാഹചര്യത്തില്‍ പരസ്യമായി പ്രതിഷേധിക്കാനാകാത്ത അവസ്ഥയിലാണ് അവര്‍.

സിപിഎമ്മിനെയും സിപിഐയെയും കൂടാതെ എസ്‌ജെഡി, എല്‍ജെ.ഡി, ഫ്രാന്‍സിസ് ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള, സ്‌കറിയ തോമസ് എന്നിവരുടെ മൂന്ന് കേരള കോണ്‍ഗ്രസുകള്‍, കോണ്‍ഗ്രസ് എസ്, എന്‍സിപി, ഐഎന്‍എല്‍ എന്നിവയാണ് നിലവില്‍ ഇടതു മുന്നണിയിലെ ഘടകകഷികള്‍.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ