തിങ്കളാഴ്‌ച, മാർച്ച് 11, 2019
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക വൈകിയേക്കും. സ്ഥാനാർഥികളെ 15ന് പ്രഖ്യാപിക്കാനാണു സാധ്യത. പട്ടിക ഇന്നു രാവിലെ 11നു ഡൽഹിയിൽ ചേരുന്ന സ്ക്രീനിങ് കമ്മിറ്റി ചർച്ച ചെയ്യുന്നുണ്ട്.
ചൊവ്വാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗവും ചേരുന്നുണ്ട്. ഇടുക്കി ലോക്സഭാ സീറ്റിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കണമെന്നു സംസ്ഥാന നേതൃത്വം കോൺഗ്രസ് ഹൈക്കമാൻഡിനോട് അഭ്യർഥിക്കുമെന്നാണു ലഭിക്കുന്ന വിവരം. ആലപ്പുഴയിൽ കെ.സി. വേണുഗോപാലിനു പകരം ഷാനിമോൾ ഉസ്മാനാണു സാധ്യത.

ആലപ്പുഴയിൽ വീണ്ടും മത്സരിക്കാൻ താൽപര്യമില്ലെന്ന് വേണുഗോപാൽ തന്നെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ വയനാട്ടിലെ സ്ഥാനാര്‍ഥിയാക്കാനും പരിഗണിക്കുന്നുണ്ട്. ആലത്തൂരിൽ എ.പി. അനിൽകുമാർ എംഎൽഎയും പാലക്കാട്ട് വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എംഎൽഎ എന്നിവരുമാണു പരിഗണനയിൽ.

ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്നെ മത്സരിച്ചേക്കും. വടകരയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു പകരം ടി. സിദ്ദിഖിനാണു മുൻഗണന. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയുടെയും തുടർന്നു മറ്റു നേതാക്കളുമായുള്ള ആശയവിനിമയത്തിന്റേയും അടിസ്ഥാനത്തിൽ തയാറാക്കിയ സാധ്യതാ പട്ടികയാണ് സ്ക്രീനിങ് കമ്മിറ്റിയ്ക്കു മുന്നിൽ വയ്ക്കുക.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ