ചെന്നൈ: ബ്ലൂവെയിൽ ആപ്ലിക്കേഷനു നിരോധനം കൊണ്ടു വന്നതു പോലെ ടിക് ടോക്കിനു നിരോധനം കൊണ്ടു വരുന്ന കാര്യം പരിഗണിക്കണമെന്നു കേന്ദ്രസർക്കാരിനോടു മദ്രാസ് ഹൈക്കോടതി. ഫെബ്രുവരി 16 നുളളിൽ ഇക്കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നാണു ആവശ്യം.
സ്വകാര്യത ലംഘിക്കുന്നതിനാൽ ആളുകൾ അറിയാതെ ചിത്രീകരിക്കുന്ന പ്രാങ്ക് വിഡിയോകൾക്കു മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തി. ടിക് ടോക് ആപ്ലിക്കേഷനു വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ടു മധുര സ്വദേശിയായ അഡ്വ. മുത്തുകുമാർ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോഴാണു കോടതി പ്രാങ്ക് വിഡിയോകൾക്കു വിലക്കേർപ്പെടുത്തിയത്.
ടിക് ടോക് ആപ്ലിക്കേഷൻ ഉപയോഗിച്ചു നിർമ്മിച്ച വിഡിയോകൾ മാധ്യമങ്ങൾ സംപ്രേഷണം ചെയ്യരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. ജസ്റ്റിസുമാരായ കൃപാകരൻ, എസ്.എസ്. സുന്ദർ എന്നിവരടങ്ങിയ ബെഞ്ചാണു ഹർജി പരിഗണിച്ചത്. ഗൗരവപരമായ വിഷയത്തിൽ സർക്കാർ എന്തു നടപടിയാണ് എടുത്തതെന്ന് ആരാഞ്ഞ കോടതി ബ്ലൂവെയിൽ ആപ്പ് നിരോധിച്ചതു പോലെ ടിക് ടോക് നിരോധിക്കുന്ന കാര്യവും ഗൗരവമായി പരിഗണിക്കണമെന്നു സർക്കാരിനോടു ആവശ്യപ്പെട്ടു.
എല്ലാ വിഷയങ്ങളിലും കോടതി ഇടപെട്ടു നിരോധനം ഏർപ്പെടുത്തുമെന്നു വിചാരിക്കരുത്. സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. ഈ വിഷയത്തിൽ റിപ്പോർട്ടു സമർപ്പിക്കാനും കേന്ദ്രത്തോടു കോടതി ആവശ്യപ്പെട്ടു. ടിക് ടോക് ആപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിലുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണു ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചത്. സ്വകാര്യത മുൻനിർത്തി അമേരിക്കയും ഇന്തൊനീഷ്യയും ടിക്‌ടോക്കിനു നിരോധനമേർപ്പെടുത്തിയതു പോലെ ഇന്ത്യയിലും നിരോധനം കൊണ്ടു വരണമെന്നാണു ഹർജിക്കാരന്റെ ആവശ്യം.
കുട്ടികൾക്കെതിരെയുളള ലൈംഗിക ചൂഷണവും സൈബർ കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടി വരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹാസ്യപരിപാടികൾക്കായി ചിത്രീകരിക്കുന്ന കുസൃതിത്തരങ്ങളായ പ്രാങ്ക് വിഡിയോകൾ സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറിയുള്ള ചിത്രീകരണം ആത്മഹത്യയ്ക്കു കാരണമായ സംഭവങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെ മുൻനിർത്തിയാണു പ്രാങ്ക് വിഡിയോകൾ വിലക്കിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ