കള്ള വോട്ട് : പോളിങ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു
കാസര്‍ഗോഡ്: കാസര്‍ഗോഡ് ലോക് സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ 48 ാം നമ്പര്‍ ബൂത്തില്‍ ഒരു വ്യക്തി രണ്ട് തവണ വോട്ട് ചെയ്‌തെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ബൂത്തില്‍ വെബ് കാസ്റ്റിങ്ങ് നടത്തിയ അക്ഷയ സംരംഭകന്‍ ജിതേഷ്. കെ, പ്രിസൈഡിങ്ങ് ഓഫീസര്‍ ബി.കെ. ജയന്തി, ഒന്നാം പോളിങ്ങ് ഓഫീസര്‍ എം. ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിങ്ങ് ഓഫീസര്‍ സി.ബി രത്‌നാവതി, മൂന്നാം പോളിങ് ഓഫീസര്‍ പി. വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫീസറും സെക്റ്ററല്‍ ഓഫീസറുമായ എ.വി. സന്തോഷ്, ബി.എല്‍.ഒ ടി.വി ഭാസകരന്‍ എന്നിവരുടെ മൊഴിയെടുത്തു. രണ്ട് തവണ ബൂത്തില്‍ പ്രവേശിച്ചതായി കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ. ശ്യാംകുമാറിന് സി.ആര്‍.പി.സി 33 വകുപ്പനുസരിച്ച് ഏപ്രില്‍ 30 ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ കളക്ടറും ജില്ലാ വരണാധികാരിയുമായ ഡോ. ഡി സജിത് ബാബു മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കുന്നതിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് ഹാജരാകാത്ത പക്ഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ