വോട്ടെടുപ്പ് ദിനത്തിൽ കാറ്റും മഴക്കും മിന്നലിനും സാധ്യത

വോട്ടെടുപ്പ് ദിനത്തിൽ കാറ്റും മഴക്കും മിന്നലിനും സാധ്യത

തിരുവനന്തപുരം: വേനലിനെ തണുപ്പിച്ചെത്തിയ മഴ കേരളത്തിൽ തുടരും. ഏപ്രിൽ 23നു സംസ്ഥാനത്തു വോട്ടെടുപ്പു നടക്കുമ്പോൾ പലയിടത്തും കാത്തിരിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴയും കാറ്റും. 19, 21, 23 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കാറ്റിന്റെ വേഗം മണിക്കൂറിൽ 30–40 കി.മീ ആയിരിക്കും. 20നും 22നും സംസ്ഥാനത്തു പലയിടത്തും ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 40-50 കി.മീ. ആയിരിക്കും. ചില സ്ഥലങ്ങളിൽ 19, 20 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

20നു പാലക്കാട് ശക്തമായ മഴയ്ക്കുള്ള സാഹചര്യമുള്ളതിനാല്‍ ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കു കാരണമാകാൻ സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുണ്ട്.

ഉരുൾപൊട്ടലിനു സാധ്യതയുള്ള സാഹചര്യത്തിൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോരമേഖലകളിലെ യാത്ര പരമാവധി ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം. മരങ്ങൾക്കു താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

വേനൽമഴയ്ക്കൊപ്പം ഉച്ചയ്ക്കു രണ്ടിനും രാത്രി എട്ടിനും ഇടയ്ക്കു ലഭിക്കുന്ന മിന്നൽ ശക്തമാകാനുള്ള സാധ്യതയുണ്ട്. ഇത്തരം മിന്നലുകൾ അപകടകാരികളാണ്. ദുരന്ത നിവാരണ അതോറിറ്റി നിലവിൽ ഈ ഇടിമിന്നലിനെ സംസ്ഥാന ‘സവിശേഷ’ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Post a Comment

0 Comments