ബുധനാഴ്‌ച, ഏപ്രിൽ 03, 2019
കോഴിക്കോട്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി ഇന്ന് കോഴിക്കോട്ടെത്തും. നാളെയാണ് പത്രി സമര്‍പ്പിക്കുന്ന രാഹുലിനൊപ്പം സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും എത്തും. കോഴിക്കോട്ട് നിന്നും ഹെലികോപ്റ്ററിലാണ് നാളെ വയനാട്ടില്‍ പത്രികാ സമര്‍പ്പണത്തിനായി എത്തുന്നത്.

വയനാട് കലക്ട്രേറ്റിന് സമീപമുള്ള സ്കൂള്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങിയ ശേഷം അവിടെ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെ കലക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് നിലവിലെ തീരുമാനം. രാഹുല്‍ എത്തുന്ന കാര്യം ഉറപ്പായതോടെ കല്‍പ്പറ്റയിലും കോഴിക്കോട്ടും വലിയ സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ മാത്രമേ പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം ചേരുകയുള്ളൂ. രാഹുലിന്റെ വരവിന്റെ മുന്നോടിയായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസിനക്, കെ.സി. വേണുഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ കോഴിക്കോട്ടെത്തി. നിലവില്‍ അസമില്‍ പ്രചരണം നടത്തുന്ന രാഹുല്‍ഗാന്ധി നിന്ന് രാത്രി എട്ടുമണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങും. തുടര്‍ന്ന് റോഡ് മാര്‍ഗം കോഴിക്കോട്ട് ഗസ്റ്റ് ഹൗസില്‍ എത്തി അവിടെ താമസം.

നാളെ ഒമ്പത് മണിയോടെ വിക്രം മൈതാനത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിക്കും. കനത്ത സുരക്ഷയാണ് എങ്ങും. അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് രാഹുല്‍ ഗാന്ധിയെ അനുഗമിക്കാന്‍ അനുവാദമുള്ളത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങ് നടക്കുന്ന കലക്ടറേറ്റിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല. രണ്ടു ദേശീയചാനലുകളുടെയും കേരളത്തില്‍ നിന്നുള്ള മൂന്നു ചാനലുകളുടെയും കാമറാമാന്‍മാര്‍ക്കു ദൃശ്യം ചിത്രീകരിക്കാന്‍ അനുമതിയുണ്ട്. പത്രിക സമര്‍പ്പിച്ചശേഷം കലക്ടറേറ്റില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള ഡി.സി.സി. ഓഫീസിന്റെ മുറ്റത്ത് യു.ഡി.എഫ്. നേതാക്കളുമായി രാഹുല്‍ ഗാന്ധി സംവദിക്കും.

കല്‍പ്പറ്റ ടൗണിലൂടെ രാഹുല്‍ ഗാന്ധിയെ ആനയിച്ച് റോഡ്‌ഷോ നടത്തണമെന്ന ആവശ്യം വയനാട് ഡി.സി.സി. ഉന്നയിച്ചുവെങ്കിലും ഇന്നലെ െവെകീട്ടുവരെയും എസ്.പി.ജി. അനുമതി നല്‍കിയിട്ടില്ല. എസ്.കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടിലെ ഹെലിപാഡിനു ചുറ്റും അവിടെനിന്ന് കലക്ടറേറ്റിലേക്കുള്ള റോഡരുകിലും ബാരിക്കേഡ് സ്ഥാപിക്കണമെന്ന് എസ്.പി.ജി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് മണ്ഡലത്തില്‍ ഉള്‍പെടുന്ന പ്രസിഡന്റുമാര്‍ , കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗവും ഇന്നു നടക്കുന്നുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ