ബുധനാഴ്‌ച, ഏപ്രിൽ 03, 2019
കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ മുസ്ലിംലീഗിന്റെ പച്ച പതാക ഒഴിവാക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തുവെന്ന സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ്. രാഹുലിന്റെ പ്രചാരണ പരിപാടികളിൽ മുസ്ലിം ലീഗിന്റെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തിൽ തന്റെ പേരിലും ചില വാർത്തകൾ കണ്ടതായി മജീദ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് വ്യാജ പ്രചരണങ്ങൾക്കെതിരെ മജീദ് രംഗത്തെത്തിയത്. പച്ചക്കൊടി ഒഴിവാക്കികൊണ്ട് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനങ്ങളിൽ പങ്കെടുത്താല്‍ മതിയെന്ന് നേതാക്കൾ നിർദേശിച്ചതായുള്ള പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

'ലീഗ് രൂപീകരിച്ചത് മുതൽ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂർവമാണ് നാം നെഞ്ചേറ്റിയത്. വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ വരവോടെ വ്യാജ പ്രചരണങ്ങളും വന്ന് കൊണ്ടിരിക്കുന്നു. ശ്രീ.രാഹുലിന്റെ പ്രചരണ പരിപാടികളിൽ മുസ്ലിം ലീഗ് പാർട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തിൽ എന്റെ പേരിലും ചില വാർത്തകൾ കാണുന്നു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ചത് മുതൽ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂർവമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കൾ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മറ്റു ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയർത്തിയതും ഈ പച്ച പതാക തന്നെ...പ്രിയ സോദരരെ, വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കൂ...'- ഫേസ്ബുക്കിൽ കെ പി എ മജീദ് കുറിച്ചു.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനത്തിൽ ലീഗ് പതാകയെ പാക് പതാക എന്ന രീതിയിൽ ബിജെപി നേതാവ് പ്രേരണാകുമാരി ട്വിറ്ററിൽ പ്രചരിപ്പിച്ചിരുന്നു. കോൺഗ്രസ‌് എന്തുകൊണ്ട‌് വയനാട‌് മണ്ഡലം തെരഞ്ഞെടുത്തുവെന്ന‌് ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുമെന്നും ഇവർ ട്വീറ്റു ചെയ‌്തു. മുസ്ലിംലീഗിന്റെ കൊടിയും രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളുംകൊണ്ട‌് വയനാട്ടിൽ നടന്ന പ്രകടനത്തിന്റെ ചാനൽ ദൃശ്യവും ഇവർ ഇതിനൊപ്പം ഉൾപ്പെടുത്തി. ഇതിന് പിന്നാലെ ഹിന്ദുമേഖലയിൽ നിന്ന് രാഹുൽ ഒളിച്ചോടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിക്കുകയും ചെയ്തു. പാക‌് പതാക രാഹുലിന്റെ പരിപാടിയിൽ വീശിയെന്ന ട്വീറ്റ‌് നിരവധിപ്പേർ റീട്വീറ്റ‌് ചെയ‌്തതോടെ ഉത്തരേന്ത്യയിൽ വ്യാപകമായി ഇത് പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പരിപാടികളിൽ ലീഗിന്റെ കൊടിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നേതാക്കൾ നിർദേശിച്ചുവെന്ന രീതിയിൽ പ്രചാരണം ആരംഭിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ