വെണ്മ പടർത്തിയ ചന്ദ്രിക അസ്തമിച്ചു

വെണ്മ പടർത്തിയ ചന്ദ്രിക അസ്തമിച്ചു

കാസർഗോഡ് ജില്ല ഇന്ന് വേദന കൊണ്ട് കേഴുകയാണ്. നന്മ കൊണ്ട് ഒരു ദേശത്തെ കീഴടക്കിയ ഒരു വെള്ളി നക്ഷത്രം അസ്തമിക്കുമ്പോൾ ഉണ്ടാകുന്ന അന്ധകാരം ഇന്ന് നമ്മുടെ നാട്ടിൽ ശോക മൂകമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.നന്മ കൊണ്ട്  വെണ്മ പകർന്നു തന്ന ആ പുണ്യ ജീവിതത്തെ മാതൃകയാക്കി കൊണ്ട് മുഹമ്മദ് കുഞ്ഞി മാസ്റ്ററെ നമുക്ക് ആദരിക്കാം.

ജീവിച്ച കാലമത്രയും ഫലപുഷ്ടിയുള്ള കായ്കനികൾ സമൂഹത്തിന് സമ്മാനിച്ചു കൊഴിഞ്ഞു പോയ പൂമരമായിരിന്നു ഇന്ന് വെള്ളിയാഴ്ചയുടെ പ്രഭാത നിശബ്‍ദതയിൽ അരങ്ങൊഴിഞ്ഞ മുസ്‌ലിം ലീഗ് നേതാവും ഞങ്ങളുടെ ഗുരുനാഥനുമായ മമ്മുഞ്ഞി മാഷ്. അദ്ദേഹത്തിന്റെ അപദാനങ്ങൾ വിവരിക്കാൻ വാക്കുകൾക്കോ അക്ഷരങ്ങൾക്കോ സാധിക്കുമെന്ന് തോന്നുന്നില്ല. അദ്ധ്യാപകൻ എന്ന നിലയിൽ പ്രാഥമിക പ്രവർത്തന രംഗത്ത് നിന്ന് കണ്ടു തുടങ്ങിയ അദ്ദേഹത്തെ കാലം പോയികൊണ്ടിരിക്കുമ്പോൾ കാലത്തിന് അനുസരിച്ചു ഞാനും വളർന്നു കൊണ്ടിരിക്കുമ്പോൾ ലളിത ജീവിതം കൊണ്ടും എളിമ നിറഞ്ഞ പെരുമാറ്റം കൊണ്ടും ആശയ ഘാംഭീര്യ പ്രഭാഷണം കൊണ്ടും വിസ്മയം തീർത്തു കൊണ്ടിരിക്കുകയായിരുന്നു മമ്മുഞ്ഞി മാഷ്.

അധ്യാപക വൃത്തിയിൽ ഒതുങ്ങി കഴിയേണ്ടതല്ല തന്റെ ജീവിതമെന്നു കണ്ടറിഞ്ഞ അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം എങ്ങിനെ കറകളഞ്ഞ സാമൂഹ്യ സേവനം ആക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് അന്വർത്തമാക്കി ഈ ഗുരുനാഥൻ. ആയിരക്കണക്കിന് ശിഷ്യന്മാർ ലോകത്തിന്റെ നാനാ ദേശത്തും വ്യാപിച്ചു കിടക്കുമ്പോഴും ലളിതമായ പരിമിതമായ പരിസരത്തിൽ ഒതുങ്ങി കൂടുകയായിരുന്നു ഈ കർമ്മ യോഗി.
ഭൗതിക സമ്പത്തു ഒന്നും നേടിയില്ലെങ്കിലും ശിഷ്യ സമ്പത്തു നോക്കിയാൽ കോടീശ്വരനാണ് മമ്മുഞ്ഞി മാഷ്.
സാമൂഹ്യ സേവനത്തിനു ഒരു വേദി തേടി ഇറങ്ങിയ അദ്ദേഹം തീർച്ചയായും എത്തിപ്പെട്ടത് മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിൽ തന്നെ ആയതു യാദൃക്ഷികമല്ല. മുസ്ലിം ലീഗിന്റെ ആശയ പ്രചാരണ രംഗത്ത് മമ്മുഞ്ഞി മാഷിനോടൊപ്പം ചേർത്ത് വെക്കാൻ മറ്റൊരാൾ ഇല്ല എന്നത് ദുഃഖം നിറഞ്ഞ യാഥാർഥ്യമാണ്.
പ്രൗഢ ഗംഭീരമായ ആ ഭാഷണ ശൈലി ആബാലവൃദ്ധം ജനങ്ങളെയും കോരിത്തരിപ്പിക്കുന്നതായിരുന്നു.

ഭൂതകാലം സേട്ടു സാഹിബിന്റെയും ബനാത്ത് വാല സാഹിബിന്റെയും പ്രസംഗങ്ങൾ തർജ്ജിമ ചെയ്തുള്ള ആ തർജ്ജിമ പ്രസംഗം ആ നേതാക്കളുടെ ആശയ അർഥങ്ങൾ ഒട്ടും ചോർന്നു പോകാതെ ഒരു വേള അതിനേക്കാൾ ഗംഭീരമായി അവതരിപ്പിച്ചു കൊണ്ടായിരുന്നു.
ഒരു മേഖലയിൽ മാത്രം ഒതുങ്ങി നിന്നില്ല ആ ധന്യ ജീവിതം. അധ്യാപകൻ, പ്രഭാഷകൻ, മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ, കാരുണ്യ സേവകൻ തുടങ്ങി സമൂഹത്തിലെ നന്മ നിറഞ്ഞ സകല മേഖലകളിലും നിറഞ്ഞു നിന്നു ഈ നന്മ മരം.
കാരുണ്യ പ്രവർത്തനത്തിന്റെ വേറിട്ട മുഖമായിരുന്നു മമ്മുഞ്ഞി മാഷിന്റേത്. വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന തത്വം പാലിച്ചു കൊണ്ട്  ലോകം അറിയാത്ത എത്ര യത്ര നിശബ്ദ സേവനങ്ങളാണ് ഈ ജീവിതം കാഴ്ച്ച വെച്ചത്. റമദാൻ മാസം മമ്മുഞ്ഞി മാഷിന് വിശ്രമമില്ലാത്ത തികച്ചും കാരുണ്യ സേവനത്തിന്റെ മാസം തന്നെയായിരുന്നു. യാതന അനുഭവിക്കുന്ന കാസർകോടിന്റെ പുല്ലൂർ പോലുള്ള ദേശങ്ങളിൽ പോയി സഹായ സേവനങ്ങൾ ചെയ്യുക എന്നത് ഈ മനുഷ്യ സ്നേഹിയുടെ നിത്യ കർമങ്ങളിൽ പെട്ടതായിരുന്നു. കൂടെ സഹായത്തിനു കൂടിയവർ ഫോട്ടോ എടുക്കാനും മറ്റും തുനിയുമ്പോൾ കോപത്തോടെ തടയുന്നതു നേരിട്ടുള്ള അനുഭവവും കേട്ടറഞ്ഞിട്ടുമുണ്ട്.
അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല എന്ന് പരിതപിക്കാത്ത ആരും കാസർകോട് ജില്ലയിൽ ഉണ്ടാവില്ല എന്ന കാര്യത്തിൽ സംശയം ഇല്ല. രാഷ്ട്രീയ ജീവിതം സാമൂഹ്യ സേവനമാണ് എന്ന് കരുതി ജീവിക്കുന്ന ഒരാൾക്ക് അതെല്ലാം വെറും നിസ്സാരമാണ്. അദ്ദേഹം നേടാത്ത പദവികളെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കുമ്പോൾ അതിൽ ഒരു വിധ നിരാശയോ വേദനയോ ആ മുഖത്തു കാണുമായിരുന്നില്ല. അദ്ദേഹം കാത്തിരിക്കുന്നത് അതൊന്നും ആയിരുന്നില്ല. പരലോകത്തെ ശാശ്വതമായ പരമാനന്ദം തന്നെ ആയിരിക്കണം ആ മനസ്സ് കൊതിച്ചത്.

സ്നേഹം നിറഞ്ഞ നമ്മുടെ നേതാവ് എന്നതിനുപരി എന്റെ ഗുരുനാഥൻ കൂടിയായ മമ്മുഞ്ഞി മാഷിന് ഗുരു വന്ദനം അർപ്പിക്കുന്നതോടൊപ്പം പരലോകത്തിലെ സ്വർഗ്ഗ പൂങ്കാവനത്തിൽ പ്രവേശിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ബഷീർ ചിത്താരി

Post a Comment

0 Comments