സംസ്ഥാനത്ത് എയര്‍ ആംബുലൻസ് വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു

സംസ്ഥാനത്ത് എയര്‍ ആംബുലൻസ് വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് എയര്‍ ആംബുലൻസ് വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. റോഡ് മാർഗമുള്ള ആംബുലൻസുകൾ ട്രാഫിക് കുരുക്കിൽ പെടാനുള്ള സാധ്യത വർധിച്ച് വരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എയർ ആംബുലൻസ് അനിവാര്യമാണെന്നാണ് ആരോഗ്യരംഗത്തുള്ളവർ ഉൾപ്പടെയുള്ളവരുടെ ആവശ്യം

ഇന്നലെ 15ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിദഗ്ധ ചികില്‍സക്കായി മംഗലാപുരത്തുനിന്ന്  തിരുവനന്തപുരത്ത് റോഡ് മാര്‍ഗം എത്തിക്കാൻ 12 മണിക്കൂറെടുക്കുമെന്നാണ് ആദ്യം കണക്കാക്കിയത്. ആംബുലൻസിനായി ഗതാഗത ക്രമീകരണം ഒരുക്കിയ ശേഷമായിരുന്നു ഇത്.

എന്നാൽ കുഞ്ഞിന്‍റെ ജീവനായി കേരളം മൊത്തം ഒന്നിച്ചതോടെ അഞ്ചര മണിക്കൂർ കൊണ്ട് കുഞ്ഞിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിക്കാനായി. സംസ്ഥാന സർക്കാരിന്‍റെ നിർണ്ണായക ഇടപെടലിനെ തുടർന്നാണ് കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.

റോഡ് മാർഗത്തിന് പകരം കൈക്കുഞ്ഞിനെ ഹെലികോപ്റ്ററിൽ എത്തിക്കുന്നത് ആരോഗ്യ പ്രശനമുണ്ടാകുമെന്നും ഇല്ലെന്നും ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായമുയർന്നിരുന്നു. എന്നാൽ നിരവധി രോഗികൾക്ക് എയർആംബുലൻസ് പ്രയോജനപ്പെടുത്താം എന്നതില്‍ തര്‍ക്കമില്ല.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് എയര്‍ ആംബുലൻസ് പദ്ധതി തുടങ്ങിയതാണ്. ഇതിനായി രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷനുമായി കരാറും ഒപ്പിട്ടു. പക്ഷെ ഇടത് സര്‍ക്കാര്‍ വന്നതോടെ പദ്ധതി വേണ്ടെന്നു വയ്ക്കുകയായിരുന്നു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക ബാധ്യത വർധിക്കുമെന്ന കാരണത്താലാണ് ഇടത് സർക്കാർ പദ്ധതി ഉപേക്ഷിച്ചത്.

സംസ്ഥാനമെങ്ങും ആംബുലൻസുകളുടെ ശൃംഖല ഉടൻ നിലവിൽ വരുന്നതോടെ എയര്‍ ആംബുലൻസിന്‍റെ ആവശ്യമുണ്ടാകില്ലെന്നാണ്  സര്‍ക്കാര്‍ വാദം. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ആവയവദാനം ഉൾപ്പെടെയുള്ളവയ്ക്കായി എയര്‍ ആംബുലൻസ് വേണമെന്ന് ആരോഗ്യരംഗത്തുളളവർ വാദിക്കുന്നു.

2015ലാണ് സംസ്ഥാനം ആദ്യമായി എയർ ആംബുലൻസ് ഉപയോഗിക്കുന്നത്. മസ്തിഷ്ക മരണം സംഭവിച്ച നിലകണ്ഠന്‍റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് പറന്ന എയര്‍ ആംബുലൻസ് വെറും 15 മിനുട്ട് കൊണ്ടാണ് കൊച്ചിയിലെത്തിയത്.

Post a Comment

0 Comments