തിങ്കളാഴ്‌ച, മേയ് 20, 2019
വടകര: വടകരയിലെ സിപിഎം സ്ഥാനാർഥി പി ജയരാജൻ വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന വടകരയിലെ ഇടതുവിമത സ്ഥാനാർഥി സി ഒ ടി നസീറിനെ സന്ദർശിച്ചു. തലശ്ശേരിയിൽ വച്ച് വെട്ടേറ്റ സി ഒ ടി നസീറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെട്ടേറ്റ് തൂങ്ങിയ വിരലുകൾ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു.വടകര സ്ഥാനാർഥിയായതിന് ശേഷം രണ്ടാം തവണയാണ് സി ഒ ടി നസീറിന് നേരെ ആക്രമണമുണ്ടാകുന്നത്. ആരോപണങ്ങൾ സിപിഎമ്മിന് നേരെ തിരിഞ്ഞിരിക്കുന്ന വേളയിലാണ് പി ജയരാജൻ ആശുപത്രിയിലെത്തി നസീറിനെ കണ്ടത്.

തലശ്ശേരി സി പി എം മുൻ ഏരിയ കമ്മിറ്റിയംഗവും കൗൺസിലറുമായിരുന്ന നസീറിന് നേരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണിയൂരിൽ വച്ച് ആക്രമണമുണ്ടായിരുന്നു. പ്രതിസ്ഥാനത്ത് സി പി എം ആയതോടെ വിഷയം യുഡിഎഫും ആർഎംപിയും ഏറ്റെടുത്തിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും കെ കെ രമയും നസീറിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ