ബുധനാഴ്‌ച, മേയ് 15, 2019
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ഒന്നിച്ചിട്ടും സാമ്പത്തിക പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. വോഡഫോൺ ഐഡിയയുടെ നാലാം പാദ റിപ്പോർട്ടിൽ കമ്പനിയുടെ നഷ്ടം 4881.9 കോടി രൂപയാണ്. മൂന്നാം പാദത്തിൽ 5004.6 കോടി രൂപയായിരുന്നു നഷ്ടം. അതേസമയം, കഴിഞ്ഞ വർഷം ഇക്കാലയളവില്‍ കമ്പനിയുടെ നഷ്ടം 962.2 കോടി രൂപയായിരുന്നു.

കമ്പനിയുടെ പ്രവർത്തന വരുമാനം 11,775 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോൺ ഐഡിയ ലിമിറ്റഡ് കമ്പനി സ്ഥാപിച്ചത് കഴിഞ്ഞ വർഷം ഓഗസ്റ്റ് 31 നാണ്. വരിക്കാരിൽ നിന്നു വരുമാനമുണ്ടാക്കാൻ ഇരു കമ്പനികളും പുതിയ വഴി തേടിയതോടെ ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന തുക 16.3 ശതമാനം കൂട‌ി. മൂന്നാം പാദത്തില്‍ 89 രൂപയായിരുന്ന ആളോഹരി വരുമാനം നാലാം പാദത്തില്‍ 104 രൂപയായി ഉയർന്നു.

സർവീസ് കാലാവധി വൗച്ചറുകൾ നിർബന്ധമാക്കിയതോടെയാണ് ആളോഹരി വരുമാനം കുത്തനെ കൂടിയത്. നിലവിൽ 28 ദിവസത്തേക്ക് വിളിക്കണമെങ്കിൽ 35 രൂപയ്ക്കെങ്കിലും റീചാർജ് ചെയ്തിരിക്കണം. ഇതോടെ കഴിഞ്ഞ ആറു മാസത്തിനിടെ കമ്പനിയിൽ നിന്നു വിട്ടുപോയത് 8.8 കോടി വരിക്കാരാണ്. മൂന്നാം പാദത്തില്‍ 3.51 കോടിയും നാലാം പാദത്തിൽ 5.32 കോടി വരിക്കാരും വോഡഫോൺ ഐഡിയ കമ്പനിയെ വിട്ടുപോയി.

വരിക്കാരുടെ എണ്ണം കുറഞ്ഞതോടെ ഇൻകമിങ് കോളിനു മാത്രം സർവീസ് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇതോടെയാണ് ആളോഹരി വരുമാനവും കൂടിയത്. ശരാശരി ഒരു ദിവസത്തെ വരുമാനം 2.3 ശതമാനം കൂടിയിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ