വ്യാഴാഴ്‌ച, മേയ് 23, 2019
കാഞ്ഞങ്ങാട്: ജില്ലാ മുസ്ലിംലീഗ് ഉപാധ്യക്ഷനായിരുന്ന പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ കഴിഞ്ഞ റമസാന്‍ വരെ തന്റെ അനാരോഗ്യത്തെ വക വെക്കാതെ ചെയ്ത് പോന്നിരുന്ന കാരുണ്യ സ്പര്‍ശം മുറിയാതെ തുടരാന്‍ തയ്യാറായി മാഷിന്റെ നാടായ അതിഞ്ഞാലിലെ ഗ്രീന്‍സ്റ്റാര്‍ പ്രവര്‍ത്തകര്‍. പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉദുമ മണ്ഡലത്തില്‍ മല്‍സരിക്കേണ്ടി വന്ന കാലത്ത് കാഞ്ഞങ്ങാടിന്റെ മലയോര മേഖലയില്‍പെട്ട പുല്ലൂര്‍ ഭാഗത്ത് നിരാലംബരായ മനുഷ്യരെ കണ്ടതിന് ശേഷമാണ് മാഷ് അദ്ദേഹം മരിക്കുന്നതിന് മുൻപുള്ള റമസാന്‍ മാസംവരെ തനിക്ക് സാധിക്കുന്ന രീതിയില്‍ പണം സ്വരൂപിക്കുകയും അത് അവിടെയുള്ള നിരാംലംബര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തിരുന്നത്. റമസാന്‍ 26, 27 ദിനങ്ങളില്‍ ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കാവുന്ന ദിവസത്തിലെ പകലുകള്‍ മാഷ് ഇതിനായി ചിലവഴിക്കുമായിരുന്നു.മാഷിന്റേ വിയോഗ ശേഷവും അതിന്റേ തുടര്‍ച്ചയുമായി മാഷിന്റെ നാട്ടുകാര്‍ തന്നെ മുന്‍ കൈയെടുത്ത് അതിഞ്ഞാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുറതെറ്റാതെ റമസാന്‍ 27ന് മലയോര മേഖലകളില്‍ അടക്കം സഹായ ഹസ്തവുമായി പോകുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മാഷിന്റെ നന്മയുടെ ഇത്തിരി വെട്ടം കെടാതെ സൂക്ഷിക്കാന്‍ നാട്ടുകാര്‍ മുന്‍ കൈയെടുത്തതോടെ അബുദാബി അജാനൂർ
പഞ്ചായത്ത് കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകളും വ്യക്തികളും അതിനുള്ള സഹായവുമായി ഗ്രീന്‍ സ്റ്റാർ അതിഞ്ഞാലുമായി കൈ കോര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ വരുന്ന റമസാന്‍ഇരുപത്തി ഏഴിന് മാഷ് തുടര്‍ന്ന് വന്നിരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവും. അതിനുള്ള ഒരുക്കങ്ങളുമായി ഗ്രീന്‍ സ്റ്റാര്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങുകയാണ്. നിരലംബരായ നിരവധി പേര്‍ക്ക് ആ ദിവസത്തില്‍ മാഷ് അത്താണിയായ പോലെ ഗ്രീന്‍ സ്റ്റാര്‍ പ്രവര്‍ത്തകരും അവര്‍ക്ക് അത്താണിയാവാന്‍ ഒരുങ്ങി കഴിഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ