ശനിയാഴ്‌ച, ജൂൺ 01, 2019
വെള്ളരിക്കുണ്ട്: മാലോത്തെ 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 13 കൊല്ലം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ.
കര്‍ണ്ണാടക ഹാസന്‍ മായസമുദ്ര ഹെസനഹള്ളിയിലെ രംഗസ്വാമിയെന്ന രഘുറാമിനെയാണ്(30) കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി കഠിനതടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം 366 പ്രകാരം 3 വര്‍ഷം കഠിനതടവും 5000 രൂപ പിഴയും 326(2) എന്‍ പ്രകാരം പത്തുവര്‍ഷം കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷ. 25000 രൂപ പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവനുഭവിക്കണം. പിഴ അടക്കുകയാണെങ്കില്‍ ഈ തുക പെണ്‍കുട്ടിക്ക് നല്‍ കാനും കോടതി ഉത്തരവിട്ടു.
മാലോം ചെറിയ പുഞ്ചയിലെ 17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് രംഗസ്വാമി. 2015 മെയ് 4 ന് രാത്രി പെണ്‍കുട്ടിയുടെ വീടിന് സമീപമെത്തിയ രംഗസ്വാമി വീട്ടുകാര്‍ അറിയാതെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി പോകുകയായിരുന്നു. പെണ്‍കുട്ടിയെ രംഗസ്വാമി തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും കര്‍ണ്ണാടകയില്‍ വെച്ച് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയെ കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കുകയും രംഗസ്വാമിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
തന്നെ രംഗസ്വാമി കര്‍ണ്ണാടക ബസഗട്ട പഞ്ചായത്തിലെ തിമ്മന ഹള്ളിയിലുള്ള ബന്ധുവീട്ടില്‍ താമസിപ്പിച്ച് അവിടെവെച്ചും തുടര്‍ന്ന് ബാംഗ്ലൂരിലും പരിസരങ്ങളിലുമുള്ള വാടക വീടുകളില്‍ വെച്ചും പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി മൊഴിനല്‍കിയത്. പോക്‌സോ നിയമപ്രകാരം രംഗസ്വാമിക്കെതിരെ കേസെടുത്ത പോലീസ് പ്രതിയെ പിന്നീട് അറസ്റ്റുചെയ്യുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ