ചൊവ്വാഴ്ച, ജൂൺ 11, 2019
പരപ്പ: കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ പരപ്പ മുണ്ടത്തടം കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം താല്ക്കാലികമായി  നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കള്കടര്‍ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടു.  മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് ദുരന്ത നിവാരണ നിയമ പ്രകാരം കളക്ടര്‍ ഉത്തരവിട്ടത്.
ക്വാറി സംബന്ധിച്ച വിദഗ്ധപഠനത്തിന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ വിദഗ്ധ ശാസ്ത്രജ്ഞരോട് ആവശ്യപ്പെടുമെന്നും ഈ ശാസ്ത്രജ്ഞരുടെ പഠന  റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.   കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന മുണ്ടത്തടം ക്വാറി സമരം സംബന്ധിച്ച യോഗത്തിലാണ് കളക്ടര്‍ തീരുമാനം പ്രഖ്യാപിച്ചത്. 
ക്വാറി താല്ക്കാലികമായി പാറ പൊട്ടിച്ച് ഖനനം നടത്താന്‍ പാടില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് ക്വാറി പ്രവര്‍ത്തിക്കുന്നത്.  2029 ആഗസ്റ്റ് വരെ ക്വാറി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. പ്രദേശവാസികളുടെ  ആശങ്കകള്‍ പരിഗണിച്ചാണ് ജില്ലാകളക്ടര്‍ സമരസമിതിയും ക്വാറി ഉടമകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്. 
കിനാനൂര്‍-കരിന്തളം പഞ്ചായത്ത് സെക്രട്ടറിയോട് പ്രദേശം സന്ദര്‍ശിച്ച്  പഞ്ചായത്തിന്റെ അവിടെയുളള ആസ്തി  വിവരം സംബന്ധിച്ച് അഞ്ചു ദിവത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ക്വാറിയില്‍ സൂക്ഷിച്ചിട്ടുള്ള വിവിധ പ്രവര്‍ത്തികള്‍ക്കുളള നിര്‍മ്മാണസാമഗ്രികള്‍ കൊണ്ടുപോകുന്നതിന് തടസമില്ല.  വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്ന രാവിലെ 8 മണിക്കും 10.30 നും ഉച്ചയ്ക്കുശേഷം 3.30 നും 5.30 നും ഇടയില്‍ ഇതുവഴി ലോറി ഗതാഗതം പാടില്ല.  പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ ബുധനാഴ്ച മുതല്‍ നിര്‍ബന്ധമായും വിദ്യാലയങ്ങളില്‍ പോകണം.  കുട്ടികളെ സ്‌കൂളുകളില്‍ വിടാത്തവര്‍ക്കെതിരെ ശിശുസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 
യോഗത്തില്‍ ജില്ലാപോലീസ് മേധാവി ജെയിംസ് ജോസഫ്, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല, വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണന്‍, ഡിവൈഎസ്പി മാരായ എം.അസ്സിനാര്‍, ടി. എന്‍ സജീവ്, വെളളരിക്കുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ ജോഷി ജോസ്, സീനിയര്‍ ജിയോളജിസ്റ്റ് ദിവാകരന്‍ വിഷ്ണു മംഗലം, വിവിധ സംഘടനാപ്രതിനിധികളായ എ.ആര്‍ രാജൂ, എം .ബിനു, കെ.പ്രമോദ്, എം.ശശിധരന്‍, സി.കൃഷ്ണന്‍, യു.വി മുഹമ്മദ് കുഞ്ഞ്, ഉമേശന്‍ വേളൂര്‍, ഷാഹുല്‍ ഹമീദ്, കുരിയാക്കോസ് പ്ലാപറമ്പില്‍, ക്രഷര്‍ ഉടമ സി.നാരയണന്‍, സൈനുദീന്‍ പത്തിരിപ്പാറ, എന്‍വെയര്‍മെന്റ് എന്‍ജിനിയര്‍ ജെ.ആര്‍ത്തര്‍ സേവിയര്‍, റവന്യൂ ഉദ്യോഗസ്ഥരായ സ്മിതാ എന്‍, ദിലീപ് കെ നായര്‍, ഷൈല എം ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ