ശനിയാഴ്‌ച, ജൂൺ 15, 2019
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രത്യേക സാഹചര്യത്തിലൂടയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നത്. ഫലം വന്ന ഉടനെ മെയ് 25ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിസന്നദ്ധ അറിയിച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. രാജിവെക്കുമെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം ഇപ്പോഴും. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു രാഹുല്‍ ഗാന്ധി തുടുരുമെന്ന്.

നിലവില്‍ കോണ്‍ഗ്രസിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത് രാഹുല്‍ ഗാന്ധിയല്ല. സുപ്രാധന യോഗങ്ങള്‍ വിളിക്കുന്നതും രാഹുല്‍ ഗാന്ധിയല്ല. പല ഉന്നത നേതാക്കളാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്. രാഹുല്‍ രാജിവെക്കില്ലെന്ന് നേതാക്കള്‍ പറയുമ്പോഴും അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. നാഥനില്ലാ കളരിയായി മാറുകയാണ് കോണ്‍ഗ്രസ്. വിശദവിവരങ്ങള്‍ ഇങ്ങനെ....

മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്
മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവായി ബാലാസാഹിബ് തൊറട്ടിനെ തിരഞ്ഞെടുത്തു. ലോകസ്ഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നടത്തുന്ന ആദ്യ സുപ്രധാന നിയമനമാണിത്. എഐസിസിയാണ് പ്രതിപക്ഷ നേതാവായി തൊറട്ടിനെ തിരഞ്ഞെടുത്തത്.

രാഹുല്‍ ലണ്ടനില്‍
സാധാരണ ഇത്തരം തീരുമാനങ്ങള്‍ പ്രഖ്യാപിക്കുക ദേശീയ അധ്യക്ഷനാണ്. എന്നാല്‍ ദേശീയ അധ്യക്ഷ പദവി അലങ്കരിക്കുന്ന രാഹുല്‍ ഗാന്ധി അകന്നുനില്‍ക്കുകയാണ്. അദ്ദേഹം ലണ്ടനിലാണ്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച തിരിച്ചെത്തുമെന്നാണ് വിവരം.


പ്രതിപക്ഷ നേതാവിന്റെ രാജി..
മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് വിഖെ പാട്ടീല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ബിജെപിയില്‍ ചേരുകയും അഹ്മദ് നഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ പാട്ടീല്‍ രാജിവെക്കുകയായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് തൊറാട്ടിനെ തിരഞ്ഞെടുത്തിരിക്കുന്നത്.


യോഗം വിളിച്ച് കമല്‍നാഥ്
അതേസമയം, നീതി ആയോഗ് യോഗം ദില്ലിയില്‍ നടക്കുകയാണ്. ഇതിന് മുന്നോടിയായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ദില്ലിയിലെത്തിയിരുന്നു. ഇവര്‍ക്ക്് അത്താഴ വിരുന്ന് ഒരുക്കിയതും പ്രത്യേക യോഗം ചേര്‍ന്നതും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലായിരുന്നു. സാധാരണ ഇത്തരം യോഗം വിളിക്കലും പാര്‍ട്ടി അധ്യക്ഷനാണ്.

മറ്റൊരു യോഗം മന്‍മോഹന്‍ സിങ് വക
ശനിയാഴ്ച നീതി ആയോഗ് യോഗത്തിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചതും രാഹുല്‍ ഗാന്ധി ആയിരുന്നില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണ്. കര്‍ണാടകയിലെ കുമാരസ്വാമി ഉള്‍പ്പെടെ അഞ്ച് മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് യോഗത്തില്‍ സംബന്ധിച്ചില്ല.

യോഗത്തില്‍ പങ്കെടുത്തവര്‍
കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ വിഷയങ്ങളാണ് മന്‍മോഹന്‍ സിങ് വിളിച്ച യോഗത്തില്‍ ചര്‍ച്ചയായത്. കര്‍ഷകരുടെയും ആദിവാസികളുടെയും വിഷയം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നീതി ആയോഗ് യോഗത്തില്‍ ഉന്നയിക്കാനും തീരുമാനിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പുതുച്ചേരി മുഖ്യമന്ത്രി വി നാരാണയ സ്വാമി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

നീതി ആയോഗില്‍നിന്ന് വിട്ടുനില്‍ക്കുന്നവര്‍
ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട് നീതി ആയോഗ് രൂപീകരിച്ചത് കഴിഞ്ഞ മോദി സര്‍ക്കാരാണ്. നീതി ആയോഗിന്റെ അഞ്ചാമത്ത് യോഗമാണ് നടക്കാന്‍പോകുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ യോഗം എന്ന പ്രത്യേകയുമുണ്ട്. അമരീന്ദര്‍ സിങിന് പുറമെ ബംഗാള്‍ മുഖ്യമന്ത്രി മമത, തെലങ്കാന മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവു എന്നിവരും നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ