ശനിയാഴ്‌ച, ജൂൺ 15, 2019
കാസര്‍കോട്: ജില്ലയില്‍ കടലാക്രമണമുണ്ടായ പ്രദേശങ്ങളിലെ തീരദേശവാസികളെ ക്യാമ്പുകളിലെക്ക് മാറ്റുന്നതുള്‍പ്പെടെ അടിയന്തിര നടപടി സ്വീകരിക്കാന്‍ റവന്യു  ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കടലാക്രമണം രൂക്ഷമായ മുസോഡി കടപ്പുറം മന്ത്രി സന്ദര്‍ശിച്ചു. തീരദേശത്ത് ജിയോ ബാഗ് പോലുള്ള താത്കാലിക പ്രതിരോധ സംവിധാനം ഒരുക്കും. ഇതിനായി ജില്ലക്ക് ഒരു കോടി രൂപ അനുവദിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ 12 കോടി രൂപയുടെ പദ്ധതി ജില്ലയില്‍ നടപ്പിലാക്കുമെന്നും റവന്യുമന്ത്രി പറഞ്ഞു. ജലസേചന വകുപ്പിനെ ഇതിനായി ചുമതലപ്പെടുത്തി. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് മൂന്നു സെന്റ് ഭൂമി വാങ്ങുന്നതിന് ആറു ലക്ഷം രൂപ ഫിഷറീസ് വകുപ്പ് അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം സഹായം ഉള്‍പ്പടെ നാല് ലക്ഷം രൂപ വീട് നിര്‍മ്മിക്കാനും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. വീട്  മാത്രം പൂര്‍ണമായും നഷ്‌പ്പെട്ടവര്‍ക്ക് വീട് വെക്കാന്‍ 4 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കും. കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനും നല്ല ഭക്ഷണം നല്‍കുന്നതിനും മന്ത്രി കൂടെയുണ്ടായിരുന്ന ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന് നിര്‍ദ്ദേശം നല്‍കി. ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. കെടുതിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ