വ്യാഴാഴ്‌ച, ജൂൺ 06, 2019
കാസര്‍കോട് : ഗസല്‍പത്രാധിപരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യവുമായ അബ്ബാസ് മുതലപ്പാറ (56) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു മരണം. കഴിഞ്ഞ മാസം 23ന് പുലര്‍ച്ചെ താമസസ്ഥലത്ത് രക്തസമ്മര്‍ദ്ദം കൂടി അബോധാവസ്ഥയില്‍ കണ്ടെത്തിയ അബ്ബാസ് മുതലപ്പാറയെ മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഒരാഴ്ച മുമ്പ് കാസര്‍കോട്ടെ ആശുപത്രിയില്‍ മാറ്റുകയായിരുന്നു.

മുളിയാറിലെ പുഞ്ചിരി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള നിരവധി സാമൂഹ്യ വിഷയങ്ങളില്‍ ഇടപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഗള്‍ഫിലടക്കം പ്രചാരമുള്ള പത്രമായിരുന്നു ഗസല്‍. ചെറിയ പെരുന്നാളിന് സപ്ലിമെന്റ് അടക്കം പത്രം പുറത്തിറക്കാനുള്ള ശ്രമത്തിനിടെയാമ് മരണം.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും തുടര്‍ച്ചയായി മത്സരിച്ച് ശ്രദ്ധേയനായിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഫോര്‍വേര്‍ഡ് ബ്ലോക്കില്‍ ചേരുകയും സംസ്ഥാന കൗണ്‍സില്‍ അംഗമായി നിയമിക്കപ്പെടുകയും ചെയ്തു. യു ഡി എഫിന്റെ ഘടകകക്ഷിയായിരുന്നതിനാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി മത്സരരംഗത്തു നിന്നും മാറി നിന്നു. യു ഡി എഫിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.

മുതലപ്പാറയിലെ സൈനുദ്ദിന്‍ -ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ : മുഹമ്മദ്, സത്താര്‍ (ഗള്‍ഫ്), റുഖിയ, ആയിഷ, സമീര്‍.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ