വെള്ളിയാഴ്‌ച, ജൂലൈ 05, 2019

വെള്ളരിക്കുണ്ട്: രക്തദാനത്തില്‍ കാസര്‍കോട് ജില്ലയില്‍ ഒന്നാമനും സംസ്ഥാനത്ത് രണ്ടാമനുമായി മാറിയ വെള്ളരിക്കുണ്ടിലെ ചുമട്ടുതൊഴിലാളി മങ്കയം അരീക്കോടന്‍ വീട്ടില്‍ അബ്ദുള്‍ ബഷീറിനെ നാളെ വൈ.എം.സി.എ ആദരിക്കും.
31 കൊല്ലത്തിനിടയില്‍ ബഷീര്‍ രക്തം നല്‍കിയത് 113 തവണ. പതിനേഴാം വയസില്‍ തുടങ്ങിയ രകത്ദാനം നാല്‍പ്പത്തെട്ടാം വയസിലും തുടരുകയാണ്. പടച്ചോന്‍ തന്ന ആയുസ് തീരുന്നതുവരെ ഇതേപോലെ അന്യര്‍ക്ക് സ്വന്തം ചോര പകര്‍ന്നുനല്‍കാന്‍ കഴിയണേ എന്നാണ് ബഷീറിന്റെ പ്രാര്‍ത്ഥന.

മംഗലാപുരത്തിനും കോഴിക്കോടിനും ഇടയില്‍ നിരവധി ആശുപത്രികളില്‍ രക്തം നല്‍കാന്‍ ബഷീറിന് പോകേണ്ടിവന്നു. ഒരു തവണ രക്തം നല്‍കിയാല്‍ പിന്നെ മൂന്നുമാസം കഴിഞ്ഞേ രക്തം നല്‍കാവൂ എന്ന നിബന്ധന ബഷീര്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. മൂന്നുമാസത്തിന് ശേഷം ആരുവിളിച്ചാലും അന്നത്തെ പണി ഉപേക്ഷിച്ച് സ്വന്തം ചിലവില്‍ ആശുപത്രിയിലെത്തി രക്തം നല്‍കും. ഒരു കാലിച്ചായ പോലും ഇതിന് പ്രതിഫലമായി സ്വീകരിക്കാറുമില്ല. സാമൂഹിക മാധ്യമങ്ങള്‍ വഴി രക്തം ആവശ്യമുണ്ടെന്ന് ആരെങ്കിലും പോസ്റ്റിട്ടാലും അന്വേഷിച്ചുപോയി ബഷീര്‍ രക്തം നല്‍കും.
1987 ല്‍ ബളാല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നും ഫസ്റ്റ് ക്ലാസോടെ അബ്ദുള്‍ ബഷീര്‍ എസ്.എസ്.എല്‍.സി പാസായി. പിന്നീട് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. നീലേശ്വരം പ്രതിഭാകോളേജില്‍ പ്രീഡിഗ്രക്ക് പഠിക്കുമ്പോള്‍ എസ്എഫ്‌ഐയിലൂടെയായിരുന്നു ബഷീറിന്റെ ആദ്യ രക്തദാനം. ബിരുദം സമ്പാദിച്ചശേഷം വിദേശത്ത് ജോലി ചെയ്തു. അവിടെയും രക്തദാനം മുടക്കിയില്ല.
വെള്ളരിക്കുണ്ടിലെ പഴയകാല ചുമട്ടുതൊഴിലാളി മുഹമ്മദിന്റെ മകനാണ് ബഷീര്‍. പിതാവ് റിട്ടയര്‍ ചെയ്തശേഷം അതേ തൊഴില്‍ 2000 ല്‍ ബഷീര്‍ ഏറ്റെടുത്തു. അന്യരെ സഹായിക്കാനുള്ള പാത ഒരുക്കിയത് പിതാവാണെന്ന് ബഷീര്‍ പറയുന്നു. ബഷീറിന്റെ രക്തം കേരളത്തിലും വെളിയിലും ഒട്ടേറെ ആളുകളുടെ സിരകളില്‍ ഓടുന്നുണ്ട്. അവരുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും തനിക്കും കുടുംബത്തിനും നന്മ കൈവരുത്തുമെന്ന് ബഷീര്‍ വിശ്വസിക്കുന്നു.
നാളെ വൈകീട്ട് 4 മണിക്ക് വെള്ളരിക്കുണ്ട് വ്യാപാര ഭവനില്‍ നടക്കുന്ന വൈ.എം.സി.എ ശതോത്തര പ്ലാറ്റിനം ജൂബിലി ജില്ലാതല ആഘോഷ ചടങ്ങിലാണ് അബ്ദുള്‍ ബഷീറിനെ ആദരിക്കുന്നത്. ലോക രക്തദാന ദിനത്തില്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ബഷീറിനെ ആദരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ തവണ രക്തദാനം നടത്തിയതിന് ബഷീറിന്റെ സഹോദരന്‍ അബ്ദുള്‍ സമദ് യു.എ.ഇ ഗവണ്‍മെന്റിന്റെ ബഹുമതിക്ക് അര്‍ഹനായിട്ടുണ്ട്. അബ്ദുള്‍ സമദ് അബൂദാബിയിലാണ്. മറ്റൊരു സഹോദരന്‍ അബ്ദുള്‍ ഗഫൂറും രക്തം ദാനം ചെയ്യുന്നുണ്ട്. കല്ലഞ്ചിറ സ്‌കൂള്‍ അധ്യാപിക മൈമൂന, അബൂദാബിയില്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനായ അബ്ദുള്‍ ലത്തീഫ് എന്നിവരും ബഷീറിന്റെ സഹോദരങ്ങളാണ്. ഫാത്തിമയാണ് മാതാവ്. ബഷീറിന്റെ ഭാര്യ സമീറ കാസര്‍കോട് ജില്ലാ സ്റ്റേഷനറി ഓഫീസില്‍ ഉദ്യോഗസ്ഥയാണ്. മക്കള്‍ അനീഫയും, അമീറയും വിദ്യാര്‍ത്ഥികള്‍.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ