കണ്ണൂർ: സിഒടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. തലശ്ശേരി സിഐ വി.കെ വിശ്വംഭരനെയാണ് സ്ഥലംമാറ്റിയത്. എ.എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്. സിഐ വി. കെ വിശ്വംഭരനെ കാസർകോട് ജില്ലയിലേക്കാണ് സ്ഥലം മാറ്റിയത്. ഇതോടെ അദ്ദേഹം അന്വേഷണ ചുമതല ഒഴിഞ്ഞു.
സി.ഒ.ടി നസീർ വധശ്രമക്കേസിന്റ അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. തലശ്ശേരിയിൽ പുതിയ സിഐ ചുമതലയേറ്റു. അന്വേഷണ സംഘത്തിലെ എസ്ഐ ഹരീഷിനും ഉടൻ മാറ്റമുണ്ടാകുമെന്നാണ് സൂചന.
നേരത്തെ വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കും ഹരീഷിനെ കോഴിക്കോട്ടേക്കും സ്ഥലംമാറ്റിയ ഉത്തരവ് വിവാദമായപ്പോൾ മരവിപ്പിച്ചിരുന്നു. കേസിൽ അന്വേഷണം പൂർത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡിജിപി ഉറപ്പും നൽകിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിലും ഉറപ്പ് നൽകിയതാണ്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് പുതിയ തീരുമാനം. ആരോപണ വിധേയനായ തലശ്ശേരി എം എൽ എ എ എൻ ഷംസീറിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
എം എൽ എ ഉപയോഗിക്കുന്ന കാറിലാണ് ഗൂഢാലോചന നടന്നതെന്ന് കൊട്ടേഷൻ എടുത്ത പൊട്ടിയൻ സന്തോഷിന്റെ മൊഴിയുണ്ടായിട്ടും കാർ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥർ മാറുന്നതോടെ അന്വേഷണം വഴിമുട്ടുമെന്നാണ് ആശങ്ക.
0 Comments