തിരുവനന്തപുരം: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലയ്ക്ക് ബദലായി കേരളത്തിലെ നിരത്തുകളില്‍ ഇനി ഇലക്ട്രിക്ക് ഓട്ടോ റിക്ഷയും ഓടിത്തുടങ്ങും. കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷ 'നീംജി'യുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ഡീസല്‍ ഓട്ടോകളുടെ കുലുക്കവും ശബ്ദവുമൊന്നും ഇല്ല. മലിനീകരണം, കുറഞ്ഞ ഇന്ധനക്ഷമത തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം പൂര്‍ണ പരിഹാരവുമായി നീംജി ഓട്ടോറിക്ഷകള്‍ ഇനി കേരള നിരത്തുകളില്‍ സജീവമാകും. ഒറ്റ റീചാര്‍ജിംഗില്‍ 100 കിലോമീറ്ററിലധികം ഓടുന്ന ഓട്ടോറിക്ഷ സബ്സിഡി അടക്കം രണ്ടുലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍
കാഴ്ചയില്‍ നിലവിലുള്ള ഓട്ടോറിക്ഷയില്‍ നിന്ന് വ്യത്യാസമൊന്നുമില്ല. പിറകില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാനാകും. ഗിയര്‍ ഇല്ലാത്തവയാണ് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍. വലിയ കയറ്റങ്ങള്‍ കയറാന്‍ പവര്‍ ഗിയര്‍ പ്രത്യേകം ഘടിപ്പിച്ചിട്ടുണ്ട്.
രണ്ടരലക്ഷം രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. സബ്സിഡി കൂടി ലഭിക്കുന്നതോടെ രണ്ട് ലക്ഷത്തിന് വിപണിയില്‍ വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷ. മൂന്ന് മണിക്കൂറില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. ഒറ്റ ചാര്‍ജില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെ ഓടിക്കാനാകുമെന്നാണ് അവകാശവാദം.
ഇ-ഓട്ടോ അഞ്ചുമാസംകൊണ്ടാണ് രൂപകൽപ്പന ചെയ്തത്. ആദ്യഘട്ടത്തിൽ പ്രതിവർഷം 8000 ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലെത്തിക്കലാണ് ലക്ഷ്യം. ഓണക്കാലത്ത‌് ഇ-ഓട്ടോകൾ വിപണിയിലെത്തും. കിലോമീറ്ററിന് 50 പൈസയാണ‌് ഇവയുടെ പ്രവർത്തനച്ചെലവ്.
അറ്റകുറ്റപ്പണികളും താരതമ്യേന കുറവാണ‌്. സ്വിസ്സ‌് കമ്പനിയായ ഹെസ്സിന്റെ സാങ്കേതിക സഹായത്തോടെ കെഎസ്ആർടിസിയുമായി സഹകരിച്ച‌് ഒമ്പതു മാസത്തിനകം ഇലക്ട്രിക് ബസുകളുടെ നിർമാണരംഗത്തേക്കും കെഎഎൽ കടക്കും.
0 Comments