
കാസര്‍കോട്: പൈവളിഗെയിലെ പരേരി ഹൗസില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ ഖാലിദിനെ (29) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കീഴ്‌കോടതി വെറുതെ വിട്ട മുഖ്യപ്രതിയെ ഹൈക്കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. പൈവളിഗെയിലെ പി മുഹമ്മദ് എന്ന മുക്രി മുഹമ്മദിനെയാണ് ശിക്ഷിച്ചത്. കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് രണ്ടാം പ്രതി പൈവളിഗെ കോടിയടുക്കത്തെ ഇസ്മയിലിനെ വെറുതെ വിട്ടു. 2005 ഡിസംബര്‍ 20 ന് വൈകിട്ട് 6.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഗള്‍ഫിലായിരുന്ന ഖാലിദ് പൈവളിഗെ പഞ്ചായത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സഹോദരന്‍ മുഹമ്മദ് എന്ന മോണുവിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി നാട്ടിലെത്തിയതായിരുന്നു. 10 ദിവസത്തിനു ശേഷം ഗള്‍ഫിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലായിരുന്നു ഖാലിദ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൈവളിഗെ ടൗണിലെ ഹോട്ടലിന് മുന്നിലെത്തിയ ഖാലിദുമായി മുക്രിമുഹമ്മദും ഇസ്മയിലും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ മുക്രി മുഹമ്മദിന്റെ കഠാരകൊണ്ടുള്ള കുത്തേറ്റ ഖാലിദ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. ഖാലിദ് കൊല്ലപ്പെട്ട സംഭവത്തില്‍ മുക്രി മുഹമ്മദിനെ ഒന്നാം പ്രതിയാക്കിയും കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നതിന് ഇസ്മയിലിനെ രണ്ടാം പ്രതിയാക്കിയും പോലീസ് കേസെടുക്കുകയായിരുന്നു. ഈ കേസില്‍ മുഹമ്മദിനെയും ഇസ്മയിലിനെയും ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയാണുണ്ടായത്.
0 Comments