ആദായ നികുതിയിൽ വൻ ഇളവുമായി മോദി സർക്കാര്‍... അഞ്ച് ലക്ഷം വരെ നികുതിയില്ല

ആദായ നികുതിയിൽ വൻ ഇളവുമായി മോദി സർക്കാര്‍... അഞ്ച് ലക്ഷം വരെ നികുതിയില്ല


ദില്ലി: ആദായനികുതിയില്‍ വന്‍ ഇളവുകളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ബജറ്റ് പ്രസംഗത്തില്‍ ആദായനികുതി ഇളവുകള്‍ പ്രഖ്യാപിച്ചത്.

അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ഇനിമുതല്‍ ആദായനികുതി അടയ്‌ക്കേണ്ടതില്ല. കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വായ്പയയേയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഭവന വായ്പയില്‍ 1.5 ലക്ഷം വരുമാനനികുതി കുറവും കൊണ്ടുവരും.

മധ്യവര്‍ഗ്ഗത്തെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ് ആദാനികുതി പരിധി അഞ്ച് ലക്ഷമാക്കി കുറച്ചത്. കഴിഞ്ഞ ഇടക്കാല ബജറ്റില്‍ അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ആദായ നികുതിയില്‍ റിബേറ്റ് നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍ 2.5 ലക്ഷം രൂപ ആയിരുന്നു ആദായനികുതി പരിധി. ഇതില്‍ വ്യത്യാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത് അഞ്ച് ലക്ഷം വരെ ആക്കിയത് അപ്രതീക്ഷിതം തന്നെ ആയിരുന്നു.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇന്‍കം ടാക്‌സ് പരിശോധന ഉണ്ടാവില്ലെന്നും ബജറ്റില്‍ പ്രഖ്യാപനം ഉണ്ട്. നികുതി സംബന്ധിച്ച ഇടപാടുകള്‍ എല്ലാം ഇലക്ട്രോണിക് രീതിയില്‍ ആക്കുകയും ചെയ്യും. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ഇനി വഴി ഒരുങ്ങും.

കോര്‍പ്പറേറ്റ് നികുതി ആനുകൂല്യവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 25 ശതമാനം കോര്‍പ്പറേറ്റ് നികുതി എന്നതിന്റെ പരിധി 400 കോടി വിറ്റുവരവുള്ള കമ്പനികള്‍ വരെ ആക്കി. നേരത്തെ ഇത് 250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നത്.

Post a Comment

0 Comments