വ്യാഴാഴ്‌ച, ഓഗസ്റ്റ് 01, 2019


തിരുവനന്തപുരം: കര്‍ഷിക വൃത്തിയുമായി പുലബന്ധമില്ലാത്തവരും സ്വര്‍ണം പണയം വച്ച് കാര്‍ഷികവായ്പയും പലിശയിളവും നേടുന്നെന്ന സംസ്ഥാന സര്‍ക്കാരിന്റെ പരാതിയില്‍ കേന്ദ്രസംഘം പരിശോധന നടത്തി. തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 30 ബാങ്കുകളിലാണ് പരിശോധന നടത്തിയത്. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറുമായും കേന്ദ്രസംഘം ചര്‍ച്ച നടത്തി. സര്‍ക്കാരിന്റെ വിശദീകരണം കൂടി കേട്ടശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സംഘം കേന്ദ്ര കൃഷിമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും.

62 ശതമാനം കാര്‍ഷിക വായ്പകളും സ്വര്‍ണപ്പണയത്തിന്റെ പേരിലാണെന്നു കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനും കേന്ദ്ര കൃഷിമന്ത്രാലയത്തിനും പരാതി നല്‍കിയത്. 2018-19 വര്‍ഷം 83,803 കോടി രൂപയാണ് വാണിജ്യബാങ്കുകള്‍ കാര്‍ഷികവായ്പയായി നല്‍കിയത്. ഇതില്‍ 50,169 കോടിയും സ്വര്‍ണപ്പണയ വായ്പകളാണ്.

കാര്‍ഷിക വായ്പകളുടെ ദുരുപയോഗം തടയാന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി.) വഴി വായ്പ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി കെ.സി.സി നടപ്പാക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. കെ.സി.സി നിലവില്‍ വന്നാല്‍ പണയവസ്തു നല്‍കാതെ തന്നെ 1.65 ലക്ഷം രൂപ വരെ കാര്‍ഷികവായ്പ അനുവദിക്കാനാകും. കെ.സി.സി വഴിയുള്ള വായ്പാപരിധി 3.25 ലക്ഷമാക്കണമെന്നും സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


കേന്ദ്ര കൃഷിമന്ത്രാലയം ജോയന്റ് ഡയറക്ടര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സംസ്ഥാനത്തെ ബാങ്കുകളില്‍ പരിശോധന നടത്തിയത്. നബാര്‍ഡ്, റിസര്‍വ് ബാങ്ക് പ്രതിനിധികളും പരിശോധനാ സംഘത്തിലുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ