ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനും സർവേ ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് മലപ്പുറം തിരൂർ സ്വദേശി കെ.എം.ബഷീർ(35) മരിച്ചു. കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഇത് സ്ഥിരീകരിക്കാൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
വഫ ഫിറോസ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. വഫയും കാറിലുണ്ടായിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്നതില്‍ സ്ഥിരീകരണമായിട്ടില്ല. വഫയാണ് കാറോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനോട് പറഞ്ഞു. അതേസമയം, ശ്രീറാമാണ് കാർ ഓടിച്ചിരുന്നും കാർ അമിത വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷിയായ ഓട്ടോറിക്ഷ ഡ്രൈവർ ഷഫീഖ് പൊലീസിന് മൊഴി നൽകി.
വൈദ്യപരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തി. അപകടത്തിൽ കൈയ്ക്കു പരുക്കേറ്റ ശ്രീറാമിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒരു മണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനു സമീപത്താണ് അപകടം ഉണ്ടായത്. വെള്ളയമ്പലത്ത് നിന്ന് പാളയം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബൈക്കിനെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് പരുക്കേറ്റ ബഷീറിനെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകിയിരുന്നു. മലപ്പുറം തിരൂരിൽ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോർട്ടറായി പത്രപ്രവർത്തനം ആരംഭിച്ച കെ.എം. ബഷീർ സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോർട്ടറായും, തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവർത്തിച്ചിട്ടുണ്ട്. ജസീലയാണ് ഭാര്യ. മക്കൾ: ജന്ന, അസ്മി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ