ശനിയാഴ്‌ച, ഓഗസ്റ്റ് 03, 2019


വിദ്യാനഗര്‍: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാന്‍ ഡി.സി.സി. ഓഫീസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലേക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.യെ ക്ഷണിച്ചില്ലെന്ന് ആക്ഷേപം. തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ കെ.പി.സി.സി. നിയോഗിച്ച സണ്ണി ജോസഫ് എം.എല്‍.എ., കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞികണ്ണന്‍, ഡി.സി.സി. പ്രസിഡണ്ട് ഹക്കിം കുന്നില്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വെള്ളിയാഴ്ച യോഗം നടന്നത്.

മഞ്ചേശ്വരം മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഡി.സി.സി. ഭാരവാഹികളും പങ്കെടുത്തു. അന്തരിച്ച ബദിയഡുക്ക മണ്ഡലം മുന്‍പ്രസിഡന്റ് രാമ പട്ടാളിയുടെ മൃതദേഹം ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഈ സമയത്തടക്കം എം.പി. രണ്ടുമണിക്കൂറോളം ഓഫീസിലുണ്ടായിരുന്നു. പിന്നീട് മറ്റുപരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹം പോയശേഷമായിരുന്നു
യോഗം. എന്നാല്‍ എം.പി.യെ അറിയിച്ചിരുന്നതായാണ് വിവരമെന്നും രാമ പട്ടാളി അന്തരിച്ച സാഹചര്യത്തില്‍ ചുരുങ്ങിയ സമയം മാത്രം ഇരുന്ന് പിരിയുകയായിരുന്നുവെന്നും യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ഭാരവാഹി പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍, യു.ഡി.എഫ്. കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, ഡി.സി.സി. ഭാരവാഹികളായ അഡ്വ. കെ.കെ.രാജേന്ദ്രന്‍, പി.കെ.ഫൈസല്‍, കെ.പി.പ്രകാശന്‍, എം.അസിനാര്‍, ഹരീഷ് പി. നായര്‍ തുടങ്ങിയവരെ യോഗം ചുമതലപ്പെടുത്തി. ഏഴിന് ജില്ലയിലെത്തുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും എട്ടിന് എത്തുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും പരിപാടികള്‍ ചര്‍ച്ച ചെയ്തു.

എട്ടിന് 11.30-ന് കോണ്‍ഗ്രസ് ഡി.സി.സി. ഓഫീസില്‍ ചേരുന്ന നേതൃയോഗത്തില്‍ ചെന്നിത്തല പങ്കെടുക്കും. ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചും പഞ്ചായത്ത് തിരഞ്ഞടുപ്പിനെക്കുറിച്ചും ആലോചിക്കാന്‍ 10 ന് രാവിലെ 10നു കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ വിപുല യോഗം ചേരുന്നുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ