തലശ്ശേരി: തലശ്ശേരി എരഞ്ഞോളിയില്‍ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കുള്ളില്‍ വീട് പൂര്‍ണമായും തകര്‍ന്നു വീണു. തലശ്ശേരി ഒ.വി റോഡിലെ ചക്രപാണി ടാക്കീസിനു സമീപം ലോട്ടറി വില്‍പ്പന നടത്തി വരുന്ന അനിലിന്റെ വീടാണ് തകര്‍ന്നു വീണത്.
ഇന്നലെ രാവിലെ തുടങ്ങിയ രണ്ടാംനില കോണ്‍ക്രീറ്റ് വൈകീട്ടോടെയാണ് പൂര്‍ത്തിയായത്. ജോലി നഷ്ടപ്പെട്ടതിനാല്‍ സാമ്പത്തിക പ്രയാസം കാരണം അനില്‍ ഒരു വര്‍ഷം മുമ്പേയാണ് ഒന്നാംനില വാര്‍പ്പ് കഴിഞ്ഞ് പണികള്‍ നിര്‍ത്തിവച്ചത്. മഴ മാറി ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് രണ്ടാംനിലയുടെ പ്രവര്‍ത്തികള്‍ ആരംഭിക്കുകയായിരുന്നു. ഇന്നലെ മേല്‍ക്കൂര പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്ത് പണിക്കാര്‍ മടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് രാത്രി 9.40 ഓടെ ഉഗ്ര ശബ്ദത്തോടെ വീട് പൂര്‍ണമായും നിലംപൊത്തിയത്. നേരത്തെ പണിതിരുന്ന ചുമരുകള്‍ ഉള്‍പ്പെടെ തകര്‍ന്ന നിലയിലാണ്.
എരഞ്ഞോളിയിലെ പെരുന്താറ്റില്‍ വെങ്കണച്ചാലിലെ ചന്ദ്രോത്ത് സജിതയാണ് അനിലിന്റെ ഭാര്യ. ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ടതോടെയാണ് സാമ്പത്തിക പ്രയാസം നേരിട്ടതും ഒന്നാംനിലയുടെ പണി നിര്‍ത്തിവച്ചതെന്നും തലശ്ശേരി ജൂബിലി ഷോപിങ് കോംപ്ലക്സിലെ ഫാന്‍സി കടയില്‍ ജോലിക്കാരിയായ സജിത പറയുന്നു. ഭര്‍ത്താവ് മഹാരാഷ്ട്രയിലും മറ്റും ജോലി ചെയ്തു വരുന്നതിനിടെ ഈയിടെയാണ് തലശ്ശേരിയില്‍ ലോട്ടറി വില്‍പ്പന നടത്താന്‍ തുടങ്ങിയത്. ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്താണ് ചെറിയ സ്ഥലത്ത് വീട് നിര്‍മ്മിക്കാന്‍ തുടങ്ങിയത്. തറവാട് വീട്ടിലാണ് കുടുംബം ഇപ്പോള്‍ കഴിഞ്ഞു വരുന്നത്.
0 Comments