കാസർകോട്: 1.09 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കേരള ക്രിക്കറ്റ് അസോസിയേഷന്‍ മാന്യയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു ഉത്തരവിട്ടു.
സി.പി.ഐ (എം) മധൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.കെ രവീന്ദ്രന്‍, സി. പി. ഐ (എം) കാസര്‍കോട് ഏരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. എ മുഹമ്മദ് ഹനീഫ എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി. നിയമ വിരുദ്ധമായി രേഖകളുണ്ടാക്കി സര്‍ക്കാറിന്റെ പൊതുസ്ഥലം കയ്യേറിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതെന്നും സ്റ്റേഡിയം നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും സര്‍ക്കാര്‍ ഭൂമി ക്രയ-വിക്രയം നടത്തുന്നതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ഭൂമി വാങ്ങല്‍-വില്‍ക്കല്‍ നടത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായി അന്വേഷണം നടത്തുകയും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദങ്ങളും തെളിവുകളും കൃത്യമായി പരിശോധിക്കുകയും ചെയ്തു. ഈ വിശദ പരിശോധനയിലും അന്വേഷണത്തിലുമാണ് ഭൂമി വില്‍പനയിലും പോക്ക് വരവ് നടത്തിയതിലും നിയമാനുസൃതം പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും നിയമലംഘനം നടത്തി ഭൂമി കൈയേറിയതിനുപുറമേ പ്രസ്തുത ഭൂമിയിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി ഗതിമാറ്റി വിടുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വിവിധ സര്‍വ്വെ നമ്പറുകളില്‍ ഉള്‍പ്പെട്ട 8.26 ഏക്കര്‍ ഭൂമിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി ടി.എന്‍. അനന്തനാരായണന്‍ എന്നയാള്‍ 2013 ഒക്ടോബര്‍ 18ന് വാങ്ങിയത്.
ഭൂസംബന്ധമായ നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ 2009 ലെ പരിഷ്‌കരിച്ച കേരള ഭൂസംരക്ഷണ നിയമമനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് കാസര്‍കോഡ് തഹസില്‍ദാറെയും 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് അനുസരിച്ച് കയ്യേറ്റത്തിനും അനുമതിയില്ലാതെ ഭൂമി നികത്തിയതിനും തരം മാറ്റിയതിനും കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടപടി സ്വീകരിക്കാന്‍ ബദിയടുക്ക ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെയും ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. നിയമ ലംഘനം നടത്തിയ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എ.ഡി.എം നെയും അനധികൃത ക്രിക്കറ്റ് സ്റ്റേഡിയ നിര്‍മ്മാണം തടയുന്നതില്‍ വീഴ്ച വരുത്തിയ ബദിയടുക്ക ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
0 Comments