മേലാങ്കോട്ട് സ്റ്റാഫ് റൂം വായനശാല തുടങ്ങി; പൊതു വിദ്യാലയങ്ങളിൽ ഇതാദ്യം

മേലാങ്കോട്ട് സ്റ്റാഫ് റൂം വായനശാല തുടങ്ങി; പൊതു വിദ്യാലയങ്ങളിൽ ഇതാദ്യം


കാഞ്ഞങ്ങാട്: പൊതുവിദ്യാലയങ്ങളിൽ ഇതാദ്യമായി സ്റ്റാഫ് റൂം വായനശാല തുടങ്ങി. മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച സ്റ്റാഫ് റൂം വായനശാലയിൽ പ്രതിമാസ പുസ്തക ചർച്ചക്ക് തുടക്കമായി. അധ്യാപകർക്കിടയിൽ ഗൗരവമായ വായന  പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം പൊതു വിദ്യാലയങ്ങളിൽ 'ഇതാദ്യത്തേതാണ്.നെല്ലിക്കാട്ട് കൃഷ്ണന്റെ സൂര്യോദയം നോവലിനെക്കുറിച്ചുള്ള ചർച്ചയോടെയായിരുന്നു തുടക്കം. ദേശീയ അധ്യാപക അവാർഡ് 'ജേതാവ് എം.കുഞ്ഞമ്പു പൊതുവാൾ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഡോ.കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു.

മാദിക സമുദായത്തിന്റെ (മായിക്ക) യാതനാപുർണമായ ജീവിത യാഥാർഥ്യങ്ങളെ കാഞ്ഞങ്ങാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ വരച്ചുകാട്ടാനുള്ള ലേഖകന്റെ ശ്രമം അക്ഷരാർത്ഥത്തിൽ വിജയിച്ചു എന്നതാണ് നോവലിന്റെ സ്വീകാര്യതക്ക് കാരണമെന്ന് കൃഷ്ണൻ മാസ്റ്ററുടെ സുഹൃത്തും സഹപ്രവർത്തകനും കൂടിയായ  ഉദ്ഘാടകൻ പറഞ്ഞു. കീഴാള വർഗജീവിതങ്ങളുടെ കഥ പറയുന്ന അക്കർമാശിയും ,നൂറ് സിംഹാസനങ്ങളും, തോട്ടിയുടെ മകനും കൃഷ്ണൻ മാഷിന്റെ സൂര്യോദയത്തിൽ നിന്നും ഒട്ടും വേറിട്ടു നിലക്കുന്നവയല്ല.

      കുഞ്ഞി വെങ്കിട്ടന്റെ കുടുംബത്തെ കേന്ദ്രീകരിച്ചാണ് നോവലുടനീളം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ അതിന് ചുറ്റും കറങ്ങുന്ന വെളളു ങ്ങഛനും മകൻ അശോകനും കണ്ണനും ലിങ്കണ്ണനും ഹനുമന്തയ്യനും, മൂപ്പനും ', ബാലൻ നായരും തുടങ്ങിയ ഓരോ കഥാപാത്രങ്ങളും എഴുപതുകളിലെ സാമൂഹ്യ ജീവിതത്തെ വേരോടെ പിഴുതെടുത്ത് കൊണ്ട് വന്ന് വായനക്കാരന്റെ മനസിലേക്ക് ആഴ്ന്നിറക്കുന്നു.

       നായികാ കഥാപാത്ര പ്രാധാന്യമുള്ള നോവലിൽ മദ്യപാനാസക്തനായ അച്ഛൻ കുഞ്ഞി വെങ്കിട്ടനെ നേർവഴിക്ക് നയിക്കാനും കുടുംബത്തെ പോറ്റാനും പാടുപെടുന്ന മായമ്മയാണ് ഒരു പ്രധാന കഥാപാത്രം. അയിത്തം ആചാരമായി കൊണ്ട് നടക്കുകയും എന്നാൽ തന്റെ രതി പൂരണത്തിന് അയിത്ത മൊഴിവാക്കാൻ ന്യായം കണ്ടെത്തുകയും ചെയ്യുന്ന ജന്മിത്വത്തിന്റെ പ്രതീകമായ വെള്ളുങ്ങന് വെങ്കിട്ടന്റെ ഭാര്യ സണ്ണമ്മയിലുണ്ടാവുന്ന കുട്ടിയായ സീതയും ഒരു പ്രധാന കഥാപാത്രമാണ്.ഇവരിൽ ആരാണ് നായികയെന്ന് നോവലിന്റെ അവസാനം വരെ വായനക്കാരനിൽ നിന്ന് മറച്ചുവെക്കാനുളള ശ്രമം നടത്തുകയും കഥാന്ത്യത്തിൽ സീത തന്നെയാണ് നായികയെന്ന് നോവലിസ്റ്റ് വിളിച്ചു പറയുകയും  ചെയ്യുന്നുണ്ട്. ചർച്ചയിൽ പങ്കെടുത്ത സണ്ണി.കെ. മാടായി, പി.കുഞ്ഞിക്കണ്ണൻ, പി.ശ്രീ കല, ജെ.സുധാകുമാരി, കെ.കെ.പത്മജ, കെ.ശ്രീജ, പി.പി.മോഹനൻ, കെ.വി.വനജ എന്നിവർ ചൂണ്ടിക്കാട്ടി

Post a Comment

0 Comments