ഇനി ബസ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; ഇല്ലെങ്കില്‍ പിഴ 1000 രൂപ

ഇനി ബസ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; ഇല്ലെങ്കില്‍ പിഴ 1000 രൂപ



സ്വകാര്യ ബസുകളില്‍ ഉള്‍പ്പെടെ സീറ്റ് ബെല്‍റ്റ് വേണമെന്ന വ്യവസ്ഥ പുതുക്കിയ മോട്ടോര്‍വാഹന നിയമത്തില്‍ കര്‍ശനമാക്കി. മോട്ടോര്‍വാഹന നിയമഭേദഗതിയിലെ 194 എ വകുപ്പിലാണ് ഇത്തരമൊരു വ്യവസ്ഥയുള്ളത്. ബസുകളിലെ സീറ്റ് ബെല്‍റ്റിന് പിഴ കര്‍ശനമാക്കുകയാണെങ്കില്‍ സംസ്ഥാനത്തെ എല്ലാ ബസുകളും ആ ഗണത്തില്‍പ്പെടും. ഇതില്‍ സ്‌കൂള്‍ ബസുകളും ഉണ്ടാകും.

യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ആയിരം രൂപയാണ് പിഴ. ബസുകള്‍ക്ക് സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആര്‍.സി ബുക്കിന്റെ ഉടമ ആയിരം രൂപ അടയ്ക്കണം. ഒരു സീറ്റിന് ബെല്‍റ്റില്ലെങ്കിലും എല്ലാ സീറ്റിനും ബെല്‍റ്റില്ലെങ്കിലും 1000 രൂപ തന്നെയാണ് പിഴ.

ബസിനുള്ളില്‍ നിന്ന് യാത്ര ചെയ്യുന്നവരുടെ എണ്ണം ഏറിയാലും പിഴ അടയ്‌ക്കേണ്ടി വരും. നിലവില്‍ ബസുകളിലെ സീറ്റിങ് കപ്പാസിറ്റിയില്‍ നിന്നും രണ്ട് സീറ്റ് കുറച്ചശേഷമുള്ള എണ്ണത്തിന്റെ നാലില്‍ ഒന്നുപേരെയാണ് നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുക. ഉദാഹരണത്തിന് 48 സീറ്റുള്ള ബസില്‍ 11 പേര്‍ക്കാണ് അനുമതി. ബസിന് പെര്‍മിറ്റ് കൊടുക്കുമ്പോഴുള്ള വ്യവസ്ഥയാണ് ഇത്. സീറ്റ് ഒന്നിന് 600 രൂപയും നില്‍ക്കുന്ന ഒരു യാത്രക്കാരന് 210 രൂപയുമാണ് ബസിന്റെ രജിസ്‌ട്രേഷന്‍ സമയത്ത് പെര്‍മിറ്റ് ഇനത്തില്‍ ഈടാക്കുന്നത്. പെര്‍മിറ്റ് മാനദണ്ഡം ലംഘിക്കപ്പെട്ടാല്‍ ഓരോ അധികം ആളിനും 200 രൂപ വീതം പിഴയടക്കണം. തുടര്‍ന്ന് യാത്രക്കാരെ അവിടെ ഇറക്കി ബസ് കസ്റ്റഡിയില്‍ എടുക്കണം. യാത്രക്കാര്‍ക്ക് തുടര്‍യാത്രയ്ക്കുള്ള അവസരമൊരുക്കി വേണം ഇങ്ങനെ ചെയ്യാന്‍.

Post a Comment

0 Comments