
നിയമ വിദ്യാര്‍ത്ഥിനിയുടെ ബലാത്സംഗ പരാതിയില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക സംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതിക്കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ചിന്മയാനന്ദിനെ വൈദ്യപരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് ചിന്മയാനന്ദ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
താന്‍ ആത്മഹത്യ ചെയ്താലെങ്കിലും ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചായിരുന്നു പെണ്‍കുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാനോ ബലാത്സംഗ കുറ്റം ചുമത്താനോ പൊലീസ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും പെണ്‍കുട്ടി ചോദിച്ചിരുന്നു. സിആര്‍പിസി 164 വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടും അറസ്റ്റുണ്ടായില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു. ചിന്മയാനന്ദനെതിരെ 43 ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് വിദ്യാര്‍ത്ഥിനി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. യുവതിയുടെ മൊഴി മജിസ്ട്രേറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഷാജഹാന്‍പൂരിലെ സുഖ് ദേവാനന്ദ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റാണ് ചിന്മയാന്ദ്.
0 Comments